ബംഗളൂരു: ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിനെ തുടർന്ന് പത്ത് വിദ്യാർത്ഥിനികൾക്കെതിരെ കർണാടക പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുംകൂരിലെ ഗേൾസ് എംപ്രസ് ഗവൺമെന്റ് പ്രീ യൂണിവേഴ്സിറ്റി കോളേജിന് പുറത്ത് പ്രതിഷേധിച്ചവർക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തത്. നിരോധനാജ്ഞ ലംഘിച്ചതിനാണ് പൊലീസ് വിദ്യാർത്ഥിനികൾക്കെതിരെ കേസെടുത്തത്.
ഹിജാബ് വിവാദത്തിൽ ഉത്തരവ് പുറപ്പെടുവിക്കും വരെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രതിഷേധം മുൻകൂട്ടി കണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇത് മറികടന്ന് പ്രതിഷേധിച്ചതിനാണ് പൊലീസ് വിദ്യാർത്ഥിനികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
അതേസമയം, കർണാടകയിൽ ഹിജാബ് വിവാദം തുടരുന്നതിനിടെ യുപിയിലെ ഒരു കോളേജും ഹിജാബ് നിരോധിച്ചു. അലിഗഢിലെ ഡി.എസ് കോളേജ് ആണ് വിദ്യാർഥികൾ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്. ക്യാമ്പസിൽ കാവി ഷാൾ അനുവദിക്കില്ലെന്നും കോളേജ് അധികൃതർ വ്യക്തമാക്കി. വിദ്യാർത്ഥികളെ മുഖം മറച്ചുകൊണ്ട് കോളേജിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പ്രിൻസിപ്പൽ രാജ് കുമാർ വർമ അറിയിച്ചതായി പ്രമുഖ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ക്യാമ്പസിൽ വിദ്യാർഥികൾക്ക് ഹിജാബോ കാവി ഷാളോ ധരിക്കാൻ അനുമതി ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തരവ് പുറത്തിറക്കിക്കൊണ്ട് കോളേജ് പങ്കുവെച്ച നോട്ടീസ് വാർത്താ ഏജൻസി പുറത്തു വിട്ടു.
Post Your Comments