മലപ്പുറം: മലപ്പുറത്ത് ഷിഗെല്ല രോഗബാധയെന്ന് സംശയം. പുത്തനത്തണിയിലെ ഏഴ് വയസ്സുകാരൻ മരിച്ചത് ഷിഗെല്ല രോഗബാധ മൂലമെന്നാണ് സംശയിക്കുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്നലെയാണ് കുട്ടി മരിച്ചത്. വയറിളക്കത്തെ തുടര്‍ന്നാണു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ ദ്രുത പ്രതികരണസംഘം മലപ്പുറത്തു പ്രതിരോധ നടപടികള്‍ ശക്തമാക്കി. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വയറിളക്കം, ചെറിയ പനി, വയറുവേദന, ഛര്‍ദി തുടങ്ങിയവയാണു ലക്ഷണങ്ങള്‍. വയറിളക്ക രോഗങ്ങളുടെ ഒരു പ്രധാന കാരണമാണ് ഷിഗെല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് ഈ രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.
ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. ഒരാഴ്ചയോളം സമയം കൊണ്ടാണ് അപകടകരമായ രീതിയില്‍ ബാക്ടീരിയ പെരുകുന്നത്. അതുകൊണ്ട് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. വയറിളക്കം, രക്തവും പഴുപ്പും കലര്‍ന്ന മലം, അടിവയറ്റിലെ വേദന, പനി, ഛര്‍ദ്ദി, നിര്‍ജലീകരണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
ഷിഗെല്ല ബാക്ടീരിയ ബാധിച്ചാലും ചില കുട്ടികളില്‍ ലക്ഷണങ്ങള്‍ കാണില്ല. എന്നാൽ അവരുടെ മലത്തിലൂടെ ബാക്ടീരിയ പുറത്തുവരുന്നതിനാല്‍ രോഗം മറ്റുള്ളവര്‍ക്ക് പകരുന്നതിനു സാധ്യതയുണ്ട്. കൃത്യ സമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കുമെന്നും മരണം വരെ സംഭവിക്കാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
Post Your Comments