അബുദാബി: ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്ക്കരിച്ച് അബുദാബി. കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാവുന്ന 72 ഗ്രീൻ രാജ്യങ്ങളുടെ പട്ടികയാണ് അബുദാബി പരിഷ്ക്കരിച്ചത്. ഇന്ത്യ ഇത്തവണയും ലിസ്റ്റിൽ ഇടംനേടിയിട്ടില്ല. പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും പട്ടികയ്ക്ക് പുറത്താണ്. ഗ്രീൻ രാജ്യങ്ങളിൽ നിന്നു അബുദാബിയിലേക്ക് എത്തുന്നവർക്ക് ക്വാറന്റെയ്ൻ ആവശ്യമില്ല. മറ്റു രാജ്യക്കാർക്ക് 10 ദിവസമാണ് ക്വാറന്റെയ്ൻ.
അതേസമയം അബുദാബിയിലെത്തുന്നവർക്ക് യാത്രയ്ക്ക് 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം വേണം. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും വാക്സിൻ ഇളവുള്ളവർക്കും പിസിആർ നിർബന്ധമില്ല. വാക്സിൻ എടുത്ത ഗ്രീൻ രാജ്യക്കാർ അബുദാബി വിമാനത്താവളത്തിലും, പിന്നീട് 6-ാം ദിവസവും പിസിആർ പരിശോധന നടത്തണം. വാക്സിൻ എടുക്കാത്തവർക്ക് വിമാനത്താവളത്തിലേതിന് പുറമെ ഒൻപതാം ദിവസവും പിസിആർ പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്.
മറ്റു രാജ്യക്കാർ അബുദാബിയിൽ എത്തി 4, 8 ദിവസങ്ങളിൽ പിസിആർ എടുക്കണം. യാത്രക്കാർ ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ ഐസിഎ യുഎഇ സ്മാർട് ആപ് ഡൗൺലോഡ് ചെയ്യുകയോ യാത്രാ തീയതിക്ക് 48 മണിക്കൂർ മുൻപ് ica.gov.ae വെബ്സൈറ്റിൽ ‘രജിസ്റ്റർ അറൈവൽ ഫോമിൽ’ വ്യക്തിഗത വിവരങ്ങൾ നൽകുകയോ ചെയ്യേണ്ടതാണെന്നും അബുദാബി വ്യക്തമാക്കി.
Post Your Comments