ഇടുക്കി: മരംമുറി വിവാദത്തെ തുടർന്ന് നടപടി നേരിട്ട അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്ത് ഉള്ളതായി വിജിലൻസ് കണ്ടെത്തി. സംഭവത്തിൽ വിജിലൻസ് സംഘം ജോജി ജോണിന്റെ തേക്കടിയിലെ വീട്ടിലും റിസോർട്ടിലും പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു.
അടിമാലി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ റേഞ്ച് ഓഫീസർ ആയിരിക്കെ ജോജി ജോൺ കോടികണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇത് ശരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന വിജിലൻസ് എറണാകുളം സ്പെഷ്യൽ യൂണിറ്റ് ഇയാൾക്കെതിരെ കേസെടുത്തു. തുടർന്ന് സ്‌പെഷ്യൽ സെൽ ഡിവൈഎസ്പി ടി.യു സജീവന്റെ നേതൃത്വത്തിൽ ജോജിയുടെ വീട്ടിലും തേക്കടിയിലെ ഇയാളുടെ അമ്മയുടെ പേരിലുള്ള റിസോർട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തി.
സ്വത്ത് സംബന്ധിച്ച രേഖകളും, ബാങ്ക് പാസ് ബുക്കുകളും, ബാങ്ക് ഇടപാടുകളുടെ രേഖകളും വിജിലൻസ് സംഘം പിടിച്ചെടുത്തു. ഇവ വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ ഓഫീസർക്ക് എത്ര അനധികൃത സ്വത്ത് ഉണ്ടെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയുകയുള്ളുവെന്ന് വിജിലൻസ് സംഘം പറഞ്ഞു. കൂടാതെ, വീട്ടിലും റിസോർട്ടിലും ഉള്ള ഫർണിച്ചറുകളും മറ്റും വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കും. അടിമാലിയിൽ റേഞ്ച് ഓഫീസർ ആയിരിക്കെ മരം മുറിക്കാനായി 62 പാസ്സുകളും, അധികചുമതല വഹിച്ചിരുന്ന നേര്യമംഗലം റേഞ്ചിൽ 92 പാസുകളും ജോജി ജോൺ അനധികൃതമായി നൽകിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മങ്കുവയിലെ പുറമ്പോക്ക് ഭൂമിയിൽ നിന്നും തേക്കുതടി വെട്ടി ജോജി കടത്തിയതായും കണ്ടെത്തിയിരുന്നു. ഇവയിൽ ചിലത് തേക്കടിയിലെ റിസോർട്ടിൽ നിന്നും അന്വേഷണസംഘം കണ്ടെത്തി. തുടർന്ന് വനം വകുപ്പ് ഇയാളെ ഡിസംബർ മാസത്തിൽ സസ്പെൻഡ് ചെയ്തിരുന്നു.
Post Your Comments