Latest NewsIndiaNews

കുട്ടികൾ ഹിജാബ് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ, വൃത്തികെട്ട രാഷ്ട്രീയം അവസാനിപ്പിക്കൂ: ഒളിംപ്യന്‍ ജ്വാല ഗുട്ട

ബെംഗളൂരു: കാർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. ഹൈക്കോടതി വിധി പാലിക്കാതെ സ്‌കൂളിൽ ഹിജാബണിഞ്ഞ് എത്തിയ വിദ്യാർത്ഥിനികളെ അധികൃതർ അകത്തേക്ക് കടത്തിവിട്ടിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് നിരവധി വിദ്യാർത്ഥികൾ പരീക്ഷ എഴുതാതെയും ക്ലാസിൽ കയറാതെയും തിരികെ മടങ്ങിയിരുന്നു. ഈ സംഭവത്തിനെതിരെയാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട രൂക്ഷ വിമർശനമുന്നയിക്കുന്നത്. കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതത്വം നല്‍കേണ്ട സ്ഥലങ്ങളാണ് സ്‌കൂളുകളെന്നും അതിന്റെ വാതില്‍ക്കലെത്തുന്ന കുഞ്ഞുങ്ങളെ അപമാനിച്ചുവിടുന്നത് അവസാനിപ്പിക്കണമെന്നുമാണ് ജ്വാല ഗുട്ട പറയുന്നത്.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ഇവരുടെ പ്രതികരണം. കുഞ്ഞുങ്ങളെ ദയവായി ഇത്തരം രാഷ്ട്രീയക്കളികളുടെ ഭാഗമാക്കരുതെന്നും ബാഡ്മിന്റണ്‍ താരം ആവശ്യപ്പെട്ടു. ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ കര്‍ണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാതിരുന്ന അധികൃതരുടെ നടപടിയും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് ഇവരുടെ പ്രതികരണം.

Also Read:ആശുപത്രിയില്‍ അതിക്രമിച്ചു കയറി സുപ്രണ്ടിനെ ഉപരോധിച്ചു: സിപിഐഎം നേതാവിന് ഒരു വര്‍ഷം തടവും പിഴയും

‘സ്വയം ശക്തിപ്പെടുത്തുന്നതിനായി സ്‌കൂളിന്റെ പടിവാതില്‍ക്കലെത്തുന്ന കുഞ്ഞ് പെണ്‍കുട്ടികളെ അപമാനിക്കുന്നത് അവസാനിപ്പിക്കുക. അവരുടെ ഏറ്റവും സുരക്ഷിതമായ ആശ്രയകേന്ദ്രങ്ങളായി മാറേണ്ട സ്ഥലമാണ് സ്‌കൂളുകള്‍. അവർ ഹിജാബ് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ. ഈ വൃത്തികെട്ട രാഷ്ട്രീയക്കളികളില്‍ നിന്നും ദയവായി ഇവരെ വെറുതെവിടുക. ഈ കുഞ്ഞു മനസുകളെ മുറിവേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക. ഇത് നിര്‍ത്തൂ’, ജ്വാല ഗുട്ട ട്വീറ്റ് ചെയ്തു.

അതേസമയം ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ വാദം കര്‍ണാടക ഹൈക്കോടതി വിശാലബെഞ്ചിന് മുമ്പാകെ തുടരും. ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ, മതപരമായ ഒരു വസ്ത്രവും ധരിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. ഈ ഉത്തരവ് ലംഘിച്ച് സ്‌കൂളിലെത്തിയ ആരെയും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button