കോട്ടയം: പ്രശസ്ത സിനിമ, സീരിയൽ താരം കോട്ടയം പ്രദീപിന്റെ അപ്രതീക്ഷിത വിയോഗത്തിൽ വിശ്വസിക്കാനാകാതെ സഹപ്രവർത്തകർ. പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണന്റെ ‘ആറാട്ട്’ എന്ന ചിത്രത്തിൽ പ്രദീപ് അഭിനയിച്ചിട്ടുണ്ട്. ആറാട്ടിന്റെ റിലീസ് വിശേഷങ്ങൾ ചോദിക്കാനായി അദ്ദേഹം രണ്ട് ദിവസം മുന്നേ വിളിച്ചിരുന്നുവെന്ന് സംവിധായകൻ വെളിപ്പെടുത്തുന്നു.
‘പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട് ദിവസങ്ങൾക്ക് മുമ്പും, ആറാട്ടിന്റെ റിലിസ് വിശേഷങ്ങൾ വിളിച്ച് ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട് പ്രമോഷനൽ വീഡിയോ അയച്ച് തന്നിരുന്നു. ഇന്ന് പുലർച്ചെ കേട്ടത് അതീവ ദുഖകരമായ ആ വാർത്തയാണ്. ” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു. സിനിമയിൽ, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്, കഴിവുള്ള കലാകാരനായിരുന്നുയെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി. ആറാട്ടിൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ് അസ്സോസിയേറ്റ് ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികൾ’, ബി ഉണ്ണികൃഷ്ണൻ ഫേസ്‌ബുക്കിൽ എഴുതി.
അതേസമയം, വ്യാഴാഴ്ച പുലർച്ചെ നാലേ കാലോടെയായിരുന്നു പ്രദീപ് അന്തരിച്ചത്. ഹൃദയാഘാതം ആയിരുന്നു മരണകാരണം. ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ സുഹൃത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും, നടന്റെ ജീവൻ പിടിക്കാൻ സാധിച്ചില്ല. ഐ വി ശശിയുടെ ‘ ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് സിനിമാലോകത്ത് എത്തുന്നത്. കോമഡി റോളുകൾ വളരെ നന്നായി കൈകാര്യം ചെയ്തിരുന്ന പ്രദീപ്, ഒരു വടക്കൻ സെൽഫി, കട്ടപ്പനയിലെ ഹൃതിക്റോഷൻ, തോപ്പിൽജോപ്പൻ, തട്ടത്തിൻ മറയത്ത് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു.
Post Your Comments