കോഴിക്കോട് : സംസ്ഥാനത്ത് കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണ്ണത്തില്‍ 100 കിലോയോളം കേന്ദ്രസര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, കണ്ണൂര്‍ വിമാനത്താവളം എന്നിവിടങ്ങളില്‍ കസ്റ്റംസ് പിടിച്ചെടുത്തതും, കസ്റ്റംസ് പ്രിവന്റിവ് വിഭാഗം പിടികൂടിയതുമായ സ്വര്‍ണ്ണത്തിന്റെ ഒരു ഭാഗമാണ് കണ്ടുകെട്ടുന്നത്. ഇതിന്റെ മൂല്യം 50 കോടിയോളം വരും.
കഴിഞ്ഞ ഡിസംബര്‍ വരെ പിടികൂടിയ 149 പ്രധാന കേസുകളിലെ സ്വര്‍ണമാണിത്. ഇതിന്റെ നടപടികള്‍ക്കായി ചെന്നൈയില്‍നിന്നുള്ള കസ്റ്റംസ് കമ്മിഷണറെ അപ്പീല്‍ കമ്മീഷണറായി നിയോഗിച്ചു. സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് സ്വര്‍ണ്ണം ഏറ്റെടുക്കുന്നത് . കോര്‍പ്പറേഷന്റെ മുംബൈയിലെ ഓഫീസിലേക്കാണ് സ്വര്‍ണം കൈമാറുക. കസ്റ്റംസ് ഇതിനുള്ള കത്തുനല്‍കി.
മുന്‍പ് കസ്റ്റംസ് മുംബൈയില്‍ സ്വര്‍ണമെത്തിക്കുകയായിരുന്നു പതിവ് . എന്നാല്‍ ഇപ്പോള്‍ കോര്‍പ്പറേഷന്‍ പ്രതിനിധി കോഴിക്കോട്ടെത്തി സ്വര്‍ണ്ണം ഏറ്റെടുക്കും. നടപടികള്‍ പൂര്‍ത്തിയാക്കി ഒരുമാസത്തിനകം സ്വര്‍ണം സര്‍ക്കാരിലേക്കു കണ്ടുകെട്ടും. കസ്റ്റംസ് പിടികൂടിയ സ്വര്‍ണത്തില്‍ 150 കിലോ കൊച്ചിയിലെ കസ്റ്റംസ് ഹൗസിലാണുള്ളത്. രണ്ടാംഘട്ടത്തില്‍ ഈ സ്വര്‍ണവും സര്‍ക്കാര്‍ കണ്ടുകെട്ടും.
ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനായിരുന്നു മുന്‍പ് പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ അളവും, മറ്റ് വിശദാംശങ്ങളും പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നതിനുള്ള ചുമതല. നടപടികള്‍ ലഘൂകരിച്ചതിനെത്തുടര്‍ന്നാണ് കസ്റ്റംസില്‍നിന്നുതന്നെ അപ്പീല്‍ കമ്മീഷണറെ ചുമതലപ്പെടുത്തിയത്.
Post Your Comments