ഒട്ടാവ: കാനഡയിൽ വാക്സിനേഷൻ വിരുദ്ധരുടെ ഫ്രീഡം കോൺവോയ് സമരം രൂക്ഷമാകുന്നു. സർക്കാരിന്റെ ഭീഷണികൾ സമരക്കാർക്ക് മുന്നിൽ വിലപ്പോകുന്നില്ലെന്നാണ് ലഭ്യമായ വിവരങ്ങൾ. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും ഫ്രീഡം കോൺവോയ് സമരക്കാർ പിരിഞ്ഞു പോകുന്നില്ലെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
ഇതിനിടെ, പ്രതിഷേധക്കാരെ അമർച്ച ചെയ്യാൻ പോലീസിന് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തലസ്ഥാന നഗരമായ ഒട്ടാവയുടെ പോലീസ് ചീഫ് രാജിവെച്ചു. ചൊവ്വാഴ്ച നടന്ന പോലീസ് ബോർഡ് മീറ്റിനു ശേഷമാണ് ഒട്ടാവ പോലീസ് ചീഫ് പീറ്റർ സ്ലോലി രാജിവെച്ചത്. ബോർഡ് മീറ്റിംഗിൽ, സമരക്കാരെ നേരിടാൻ പോലീസിന് കഴിയുന്നില്ല എന്ന കാരണമായിരുന്നു അദ്ദേഹം പറഞ്ഞത്.
വാക്സിൻ വിരുദ്ധ പ്രക്ഷോഭകരെ ഒതുക്കാൻ വേണ്ടി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എമർജൻസി ആക്ട് നടപ്പിലാക്കിയത് വൻ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്തിന്റെ അമ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഈ ആക്ട് നടപ്പിലാക്കുന്നത്. ഫെഡറൽ സർക്കാരിന് ബ്ലോക്കേഡുകൾ നീക്കി സമരക്കാരെ അടിച്ചൊതുക്കാൻ വിശേഷാധികാരം നൽകുന്നതാണ് എമർജൻസി ആക്ട്. നിയമവിരുദ്ധവും അപകടകരവുമായ പ്രവർത്തികൾ ചെയ്യുന്നത് നോക്കി നിൽക്കാൻ സാധിക്കില്ലെന്നാണ് ഇതിന് ന്യായീകരണമായി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്. ബുധനാഴ്ച നടപ്പിലാക്കിയ എമർജൻസി ആക്ട് ഒരു മാസം നീണ്ടു നിൽക്കുമെന്ന് പോലീസ് അധികാരികൾ വ്യക്തമാക്കി.
Post Your Comments