പഠാന്‍കോട്ട് : ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരെ കോണ്‍ഗ്രസ് അപമാനിച്ചു, ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരോടു കോണ്‍ഗ്രസ് ബഹുമാനം കാണിച്ചില്ലെന്നാണ് ആരോപണം. ഭീകരാക്രമണത്തിന് എതിരെ രാജ്യം ഒന്നിച്ചപ്പോള്‍ കോണ്‍ഗ്രസ് മാത്രമാണു മാറിനിന്നതെന്നും മോദി പറഞ്ഞു. പഞ്ചാബിലെ പഠാന്‍കോട്ടില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവര്‍ സര്‍ക്കാരിനെ ചോദ്യം ചെയ്തു. പഞ്ചാബിലെ ജനങ്ങളെയും നമ്മുടെ സൈന്യത്തെയും ചോദ്യം ചെയ്തു. സൈനികരുടെ ത്യാഗത്തെ ഇകഴ്ത്തി. പുല്‍വാമ വാര്‍ഷികത്തില്‍പോലും അവര്‍ ‘പാപലീല’ തുടരുകയാണ്. ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ തനിപ്പകര്‍പ്പാണ്. ഒരു കൂട്ടര്‍ പഞ്ചാബിനെയും മറ്റൊരു കൂട്ടര്‍ ഡല്‍ഹിയെയും കൊള്ളയടിക്കുകയാണ്’- മോദി പറഞ്ഞു.
2016 ജനുവരിയില്‍ പഠാന്‍കോട്ടിലെ വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 7 സൈനികരാണു വീരമൃത്യു വരിച്ചത്. ജനുവരി രണ്ടിനായിരുന്നു ആക്രമണം. നാലു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ആറു ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. കശ്മീരിലെ പുല്‍വാമയില്‍ 2019 ഫെബ്രുവരി 14ന് ആയിരുന്നു ഭീകരാക്രമണം. 40 സിആര്‍പിഎഫ് ജവാന്മാര്‍ക്കു ജീവന്‍ നഷ്ടമായി. പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി സൈന്യം മിന്നലാക്രമണം നടത്തിയിരുന്നു.
Post Your Comments