തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായുള്ള ദേവിയുടെ പുറത്തെഴുന്നള്ളിപ്പിന് അനുമതി. ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസയാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവോടെ പുറത്തെഴുന്നള്ളിപ്പിന് അനുമതി ഉത്തരവ് നൽകിയത്. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടെ, നിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് ആനപ്പുറത്തെഴുന്നള്ളത്ത് നടത്താവുന്നതാണെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.
ഘോഷയാത്രയിൽ പങ്കെടുക്കുന്നവർ 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് ആയവരോ അല്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയവരോ ആയിരിക്കണം. പൂജാരിമാർ ഉൾപ്പെടെ 25 പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതി. ഘോഷയാത്രക്ക് ഔദ്യോഗികവാഹനങ്ങൾ മാത്രമേ അകമ്പടിയായി അനുവദിക്കുകയുള്ളുവെന്നും പൊതുജനങ്ങളുടെ അകമ്പടി വാഹനങ്ങളോ, ഉച്ചഭാഷണിയോ, വിളംബര വാഹനങ്ങളോ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments