കൊച്ചി: ഒഎൽഎക്സ് വഴി വാഹനം വിറ്റ് പിന്നീട് ജിപിഎസിന്‍റെ സഹായത്തോടെ കാർ മോഷ്ടിക്കുന്ന തട്ടിപ്പ് സംഘം കൊച്ചിയിൽ പിടിയിലായി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ മൂന്ന് പേരാണ് അറസ്റ്റിലായത്. പരപ്പനങ്ങാടി സ്വദേശികളായ ഇഖ്ബാൽ, മുഹമ്മദ് ഫാസിൽ, അരിയല്ലൂർ സ്വദേശി ശ്യാം മോഹൻ എന്നീ പ്രതികളെ കൊച്ചി പാലാരിവട്ടം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഒഎൽഎക്സിൽ പരസ്യം കണ്ടതിനെ തുടർന്ന് ഈ മാസം 8 നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ പരാതിക്കാരൻ സംഘവുമായി ബന്ധപ്പെട്ടത്.
Also read: ബാലസംഘം കാലം മുതലുള്ള അടുപ്പം: സച്ചിന്‍ദേവ് എംഎല്‍എയും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു
ഹ്യുണ്ടായ് വെർണ കാർ വിൽപ്പനയ്ക്കോ അല്ലെങ്കിൽ പണയത്തിനോ ലഭ്യമാണ് എന്നായിരുന്നു പരസ്യം. വാഹനം വാങ്ങാൻ താത്പര്യപ്പെട്ട നെടുമങ്ങാട് സ്വദേശി പണം നൽകി കോഴിക്കോട്ട് നിന്ന് വാഹനം സ്വന്തമാക്കി. തിരുവനന്തപുരത്തേക്ക് മടങ്ങും വഴി അദ്ദേഹം പാലാരിവട്ടത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. തിരികെ എത്തിയപ്പോൾ വാഹനം മോഷ്ടിക്കപ്പെട്ടിരുന്നു.
മോഷണ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. വിറ്റ കാറിൽ ജിപിഎസ് ഘടിപ്പിച്ചതിനു ശേഷം പ്രതികൾ കാറിനെ പിന്തുടരും. വാഹനത്തിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ഇവർ പാലാരിവട്ടത്തെ ഹോട്ടൽ പരിസരത്ത് നിന്നും വാഹനവുമായി കടന്നുകളയുകയായിരുന്നു. സംഘം കഴിഞ്ഞ ജനുവരിയിൽ ഇതേ കാർ പളളുരുത്തി സ്വദേശിക്ക് വിറ്റ ശേഷം സമാനരീതിയിൽ മോഷ്ടിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
Post Your Comments