തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ച വയനാട്ടിലേക്കുള്ള ഇരട്ട തുരങ്കപാതയ്ക്ക് 2134.50 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു. ഇതുള്‍പ്പെടെ നാല്പത്തിനാല് വികസന പദ്ധതികള്‍ക്കായി 6943.37കോടിരൂപ നല്‍കുമെന്ന് സർക്കാർ വ്യക്തമാക്കി. വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിന് ബദലായാണ് ഇരട്ട തുരങ്കപാത നിർമ്മിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തില്‍ ധനമന്ത്രി കെഎന്ബാലഗോപാലും കിഫ്ബി സിഇഒ ഡോ. കെഎം എബ്രഹാമും പങ്കെടുത്തു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബഡ്ജറ്റില്ത്തന്നെ പദ്ധതിക്കായി 20 കോടി രൂപ അനുവദിച്ചിരുന്നു. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനാണ് തുരങ്കം നിര്‍മ്മിക്കുന്നത്. മൂന്നു വര്‍ഷം കൊണ്ട് തുരങ്കത്തിന്റെ നിർമ്മാണം പൂര്‍ത്തിയാക്കിയശേഷമേ പണം കൈമാറുകയുള്ളൂ. 80 കിലോ മീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാവുന്ന തുരങ്കം യാഥാര്‍ത്ഥ്യമാവുന്നതോടുകൂടി അതുവഴിയുള്ള യാത്രയില്‍ ഒരു മണിക്കൂറോളം ലാഭിക്കാമെന്നാണ് നിഗമനം.
12 കിലോമീറ്റര്‍ നീളത്തില്‍ ഒന്‍പത് ഹെയര്‍പിന്‍ വളവുകളുള്ള താമരശേരി ചുരത്തില്‍ വാഹനപ്പെരുപ്പം കൊണ്ടും മണ്ണിടിച്ചില്‍ കൊണ്ടും അടിക്കടി ഗതാഗതതടസം നേരിടുന്ന പശ്ചാത്തലത്തിലാണ് തുരങ്കപാത നിര്‍മ്മിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മുറിപ്പുഴയില്‍ നിന്നുമാരംഭിച്ച് കള്ളാടിയില്‍ അവസാനിക്കുന്ന തരത്തില്‍ 7.826 കി.മീ നീളത്തിലാണ് നിര്‍മ്മാണം.
കൊച്ചി-ബാംഗ്ളൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി പദ്ധതിക്ക് സ്ഥലമെടുക്കാന്‍ എറണാകുളം അയ്യമ്പുഴയില്‍ ഗ്ലോബൽ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ട്രേഡ് സിറ്റി 850കോടി നല്‍കും. വയനാട് ട്വിന്‍ ടണല്‍റോഡ് നിര്‍ണ്ണായക ചുവടുവെയ്പാണെന്നും ഹിമാചല്‍ പ്രദേശിലെ അടല്‍ ടണല്‍ റോഡിന് സമാനമായ പദ്ധതിയാണിതെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. 50000 കോടിരൂപയുടെ പദ്ധതിയാണ് കിഫ്ബി ലക്ഷ്യമിട്ടതെങ്കിലും ഇപ്പോള്‍ 70000കോടി രൂപയായെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments