NattuvarthaLatest NewsKeralaNews

സിപിഎം രാഷ്ട്രീയഭീകര സംഘടനയായി മാറി : കെ. സുധാകരന്‍ എംപി

സിഐടിയു ഏര്‍പ്പെടുത്തിയ ഊരുവിലക്കിനെ തുടര്‍ന്ന് കണ്ണൂര്‍ മാതമംഗലത്ത് വ്യാപാരസ്ഥാപനം അടച്ചുപൂട്ടേണ്ടി വരുകയും ഈ കടയില്‍ നിന്ന് സാധനം വാങ്ങിയ വ്യക്തിയെ അടിച്ചോടിക്കുകയും ചെയ്ത സിപിഎം രാഷ്ട്രീയ ഭീകര സംഘടനയായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

കേരളത്തിലേക്ക് നിക്ഷേപം തേടി വിദേശങ്ങളില്‍ കറങ്ങിനടക്കുന്നതിനു പകരം സ്വന്തം നാട്ടിലെ തൊഴിലുടമകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സംരക്ഷണം നല്കുകയാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യേണ്ടത്. കേരളത്തില്‍ സിപിഎം പൂട്ടിച്ച നൂറുകണക്കിനു സംരംഭങ്ങളുടെ പട്ടികയിലേക്ക് മാതമംഗലം-പേരൂല്‍ റോഡിലെ എസ്ആര്‍ അസോസിയേറ്റ്സ് എന്ന ഹാര്‍ഡ് വേര്‍ സ്ഥാപനവും ഇവിടെ നിന്നും സാധനം വാങ്ങിയതിന്റെ പേരില്‍ സിസിടിവി വില്‍ക്കുന്ന എ.ജെ സെക്യൂടെക് ഐടി സൊലൂഷന്‍സ് എന്ന കടയും ഉള്‍പ്പെടുത്താനായി എന്നത് പിണറായി സര്‍ക്കാരിന്റെ നേട്ടമായി കൊണ്ടാടാം. സിപിഎം വിലക്കിയ കടയില്‍ നിന്നും സാധനം വാങ്ങിയതിന്റെ പേരില്‍ എ.ജെ സെക്യൂടെക് ഐടി സൊലൂഷന്‍സ് ഉടമയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പോലീസില്‍ നല്കിയ പരാതി സിഐടിയുക്കാര്‍ മുള്‍മുനയില്‍ നിര്‍ത്തി ഉടമയെക്കൊണ്ട് പിന്‍വലിപ്പിക്കുകയും ചെയ്തു.

ചരക്ക് കയറ്റിറക്കുവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സിഐടിയു അഴിഞ്ഞാടിയത്. ആറുമാസം മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച എസ്. ആര്‍ അസോസിയേറ്റ്‌സിനെതിരെ കഴിഞ്ഞ 50 ദിവസമായി സി ഐടിയുവിന്റെ നേതൃത്വത്തില്‍ ഉപരോധ സമരം നടത്തുകയാണ്. ഭരണപക്ഷ തൊഴിലാളി സംഘടനയുടെ ഉപരോധം ആയതിനാല്‍ പോലീസ് ചെറുവിരല്‍ അനക്കിയില്ല. അവരോട് സമരസപ്പെടാനാണ് പോലീസ് ആവശ്യപ്പെട്ടത്.

അതിക്രമം നടത്തിയ ഗുണ്ടകള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുകയാണ് സര്‍ക്കാര്‍. അതിന് തെളിവാണ് ഈ സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് തൊഴില്‍മന്ത്രി പച്ചക്കള്ളം തട്ടിവിട്ടത്. മന്ത്രി ലൈസന്‍സില്ലെന്ന് പറഞ്ഞ ഇതേ സ്ഥാപനത്തിന് ലൈസന്‍സുണ്ടെന്ന് എരമം-കുറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണെന്നും പരാതി ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഭരണകക്ഷി സംഘടനക്കാര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിക്കുന്നില്ല. രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ സിപിഎം പൂട്ടിപ്പിച്ച സ്ഥാപനങ്ങളുടെ പട്ടിക നീണ്ടതാണ്. ആന്തൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലേക്ക് വഴിവെച്ച സംഭവം കേരളം മറന്നിട്ടില്ല.കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന കാപാലികര്‍ക്കെതിരേ ഒട്ടുംവൈകാതെ നടപടി എടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button