കൊച്ചി: സിൽവർ ലൈൻ സാമൂഹ്യാഘാത സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബെഞ്ച് ഉത്തരവിനെ റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. സിൽവർ ലൈൻ പദ്ധതിയുടെ ഡീറ്റേയ്‍ൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത് സംബന്ധിച്ച വിശദാംശങ്ങൾ നൽകണം എന്ന സിംഗിൾ ബെഞ്ച് നിർദേശവും ഡിവിഷൻ ബെഞ്ച് ഒഴിവാക്കി. ഇതോടെ, സർക്കാരിന് സിൽവർ ലൈൻ പദ്ധതിയുടെ സർവേ സംബന്ധിച്ചുള്ള നിയമതടസ്സം നീങ്ങുകയാണ്.
അതേസമയം, സർവേ തടഞ്ഞ ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നിയമപരമായി എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുമെന്നും, സമരം തുടരുമെന്നും കെ റയിൽ വിരുദ്ധസമരസമിതി പറഞ്ഞു. സർവ്വേ തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് സർക്കാർ വാദങ്ങൾ കണക്കിൽ എടുക്കാതെ ഏകപക്ഷീയം ആണെന്നും, സര്‍വേ നിര്‍ത്തിവെക്കുന്നത് പദ്ധതിച്ചെലവ് കുത്തനെ വർദ്ധിക്കാൻ കാരണമാകുമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.
എന്നാല്‍, പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളിൽ അവ്യക്തതയുണ്ടെന്നും, സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ വിശ്വസനീയം അല്ലെന്നുമുള്ള നിലപാടാണ് കേന്ദ്രം ഹൈക്കോടതിയില്‍ സ്വീകരിച്ചത്. വിവിധ ഘടകങ്ങള്‍ പരിശോധിച്ച് മാത്രമേ അന്തിമ അനുമതി നൽകാൻ കഴിയുകയുള്ളു എന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
Post Your Comments