KeralaLatest News

ഇന്ത്യൻ ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസം, തോമസ് ഐസക്കിന് ഹസ്തദാനം നൽകിയ പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയ കേസിൽ ഹൈക്കോടതി

കൊച്ചി : ഇന്ത്യയിൽ ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസമെന്ന് കേരള ഹൈക്കോടതി. ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ പാടില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. മുൻമന്ത്രി ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയ, മുസ്ലീം പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കൽ സ്വദേശി അബ്ദുൽ നൗഷാദ് നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി നിരീക്ഷണം.

പെൺകുട്ടിയുടെ പരാതിയിൽ കലാപത്തിന് ശ്രമിച്ചുവെന്നതുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കോഴിക്കോട് കുന്നമംഗലം പൊലീസ് ഇയാൾക്ക് എതിരെ കേസെടുത്തത്. 2017ൽ കോഴിക്കോട് കാരന്തൂർ മർക്കസ് കോളേജിൽ അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് വിദ്യാർത്ഥികളുമായി സംവാദത്തിന് എത്തിയിരുന്നു. സമ്മാനദാനത്തിനിടെ അദ്ദേഹം വിദ്യാർത്ഥികൾക്ക് ഹസ്തദാനം നൽകി. കൂട്ടത്തിൽ എൽഎൽബിക്ക് പഠിക്കുന്ന മുസ്ലീം പെൺകുട്ടിയുമുണ്ടായിരുന്നു.

ഈ ദൃശ്യമടക്കം സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഹർജിക്കാരനായ അബ്ദുൽ നൗഷാദ് വിദ്യാർത്ഥിനി ശരി അത്ത് നിയമം ലംഘിച്ചെന്ന് ആരോപിക്കുകയും ചെയ്തു. തുടർന്നാണ് തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാക്കിയെന്ന് കാട്ടി പെൺകുട്ടി പരാതിപ്പെട്ടതും കുന്ദമംഗലം പൊലീസ് കേസെടുത്തതും. തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന വാദവുമായാണ് അബ്ദുൾ നൗഷാദ് ഹൈക്കോടതിയെ സമീപിച്ചത്.

തനിക്ക് സമ്മാനം നൽകിയ സംസ്ഥാന മന്ത്രിക്ക് സ്വന്തം ഇഷ്ടപ്രകാരം ഹസ്തദാനം നൽകിയ പെൺകുട്ടിയോട് വിയോജിക്കാനും വിമർശിക്കാനും ഹർജിക്കാരന് എന്ത് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്. തനിക്ക് നേരിട്ട മാനഹാനിക്കെതിരെ ധീരമായി പ്രതികരിച്ച പെൺകുട്ടിക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകേണ്ടതുണ്ടെന്നും പിൻതുണയ്ക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും കോടതി പറഞ്ഞു.

ഇഷ്ടമുള്ള മതവിശ്വാസം പിന്തുടരാനല്ലാതെ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ആർക്കും അവകാശമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മതാചാരങ്ങൾ പാലിക്കാൻ ആരെയും നിർബന്ധിക്കരുതെന്ന് ഖുറാൻ വചനങ്ങളിലും വ്യക്തമാണെന്നും, ഇന്ത്യയിൽ പരമാധികാരം ഭരണഘടനക്കാണെന്നും ജസ്റ്റിസ് പി കുഞ്ഞികൃഷ്ണൻ ഓർമ്മപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button