കാബൂള്‍: അഫ്ഗാന്റെ ഫണ്ട് സെപ്റ്റംബര്‍ 11 ആക്രമണത്തിനിരയായവര്‍ക്ക് നല്‍കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ അഫ്ഗാനിസ്ഥാന് മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. 9/11 ആക്രമണത്തിനിരയായവര്‍ക്ക് അഫ്ഗാന്റെ ഫണ്ട് കൈമാറ്റം ചെയ്യാനുള്ള അമേരിക്കയുടെ തീരുമാനം അനീതിയാണെന്നായിരുന്നു കര്‍സായി പ്രതികരിച്ചത്.
അമേരിക്കയിലുള്ള അഫ്ഗാന്റെ സ്വത്തുക്കളില്‍ 3.5 ബില്യണ്‍ ഡോളര്‍ റിലീസ് ചെയ്യാനും 2011 സെപ്റ്റംബറില്‍ നടന്ന അല്‍ഖ്വയിദ ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ഈ തുക നല്‍കാനുമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തീരുമാനമെടുത്തത്. എന്നാല്‍ അഫ്ഗാന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ഭക്ഷ്യക്ഷാമത്തിലൂടെയും കടന്നുപോകുന്ന സമയത്തെ ബൈഡന്റെ ഈ തീരുമാനം രാജ്യത്തെ ജനങ്ങള്‍ക്കെതിരായ അനീതിയും അതിക്രമവുമാണെന്നാണ് ഹമീദ് കര്‍സായി പറഞ്ഞത്.
ഞായറാഴ്ച പത്രസമ്മേളനത്തില്‍ വെച്ചാണ് കര്‍സായി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയിലെ ജനങ്ങള്‍ മാത്രമല്ല, അഫ്ഗാനിലെ ജനങ്ങളും അല്‍ഖ്വയിദയുടെയും അതിന്റെ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദന്റെയും പ്രവര്‍ത്തികളുടെ ഇരകളാക്കപ്പെട്ടവരാണ് എന്നും കര്‍സായി പറഞ്ഞു.
ബൈഡന്റെ തീരുമാനം അമേരിക്കന്‍ കോടതി തള്ളണമെന്നും കര്‍സായി ആവശ്യപ്പെട്ടു. ”യു.എസ് കോടതികള്‍ ഇതിനെതിരായി തീരുമാനമെടുക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അഫ്ഗാന്റെ പണം അഫ്ഗാന് ജനതക്ക് തന്നെ തിരിച്ച് നല്‍കണം. ഇത് ഒരു സര്‍ക്കാരിനും അവകാശപ്പെട്ട സ്വത്തല്ല, മറിച്ച് അഫ്ഗാനിലെ ജനങ്ങള്‍ക്കുള്ളതാണ്,” കര്‍സായി കൂട്ടിച്ചേര്‍ത്തു.
Post Your Comments