കോഴിക്കോട് : കൊയിലാണ്ടി ചേലിയയിലെ മലയില്‍ വിജിഷയുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റി. വിജിഷ ഓണ്‍ലൈന്‍ തട്ടിപ്പില്‍പ്പെടുകയായിരുന്നുവെന്നും ലോട്ടറി ചൂതാട്ടത്തിലും ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായും ആക്ഷന്‍ കമ്മിറ്റി പറയുന്നു. വിജിഷ ജീവനൊടുക്കിയത് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായതിനെ തുടര്‍ന്നാണെന്നും അത് തെളിയിക്കപ്പെടണമെങ്കില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ചേലിയയിലും പരിസര പ്രദേശങ്ങളിലും വിവിധ അനധികൃത ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടക്കുന്നുണ്ട്. വിജിഷയെ പോലെ ഒട്ടനവധി പേര്‍ ഇതിന് ഇരയാകുന്നതായും വാര്‍ത്തയുണ്ട്. മറ്റൊരു ദുരന്തം കൂടി ഉണ്ടാകാതിരിക്കാന്‍ അന്വേഷണം ശക്തമാക്കുകയും ജനങ്ങളെ ഇത്തരം ചതിക്കുഴികളെക്കുറിച്ച് ബോധവത്കരിക്കുകയും ചെയ്യേണ്ടതുണ്ട്. പൊലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും അതിനായി ഉണര്‍ന്നുപ്രവര്‍ത്തിക്കണം ആക്ഷന്‍ കമ്മിറ്റി അഭ്യര്‍ഥനയിൽ പറഞ്ഞു.
കൊയിലാണ്ടിയിലെ സ്വകാര്യ മൊബൈല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വിജിഷ ആത്മഹത്യ ചെയ്തിട്ട് രണ്ട് മാസമായിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മരണത്തിന് തൊട്ടുമുമ്പ് വിജിഷയുടെ ഫോണിലേക്ക് വന്ന കോളുകള്‍ ആത്മഹത്യയിലേക്ക് നയിച്ചതായാണ് സംശയിക്കുന്നത്. പതിവുപോലെ ജോലിക്കായി പുറപ്പെട്ട വിജിഷ പെട്ടെന്ന് തന്നെ തിരിച്ചുവന്ന് വീട്ടില്‍ ജീവനൊടുക്കുകയായിരുന്നു. ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കുന്നു.
രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുമായി ഒരു കോടിയോളം രൂപയുടെ ഇടപാടുകളാണ് യുവതി നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 35 പവന്‍ സ്വര്‍ണം വീട്ടുകാര്‍ അറിയാതെ വിജിഷ ബാങ്കില്‍ പണയംവച്ച് വാങ്ങിയിട്ടുണ്ട്.ഇത്രയും പണത്തിന്റെ ഇടപാടുകള്‍ ആര്‍ക്ക് വേണ്ടിയാണെന്നോ എന്തിന് വേണ്ടിയാണ് വിജിഷ നടത്തിയതെന്ന് വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിയില്ല. പൊലീസ് അറിയിക്കുമ്പോഴാണ് പണമിടപാടിനെപ്പറ്റി വിജിഷയുടെ വീട്ടുകാര്‍ അറിയുന്നത്.
മണി ചെയിന്‍ മോഡല്‍ പണം ഇരട്ടിപ്പിക്കലിലും ലോട്ടറി ചൂതാട്ടത്തിലും വിജിഷ പങ്കാളിയായി എന്നാണ് പോലീസിന്റെ നിഗമനം. വിജിഷയുടെ മരണത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചത്. അതേസമയം വിജിഷയുടെ ഫോണിലുള്ളതടക്കം മുഴുവന്‍ തെളിവുകളും നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ്. ചില വ്യക്തികളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
Post Your Comments