Latest NewsKeralaNattuvarthaNewsIndiaInternational

വേറൊരാൾ നന്നായിരുന്നാൽ കുഴപ്പം തോന്നുന്ന ഏക വർഗ്ഗം മലയാളിയാണ്: രഹന ഫാത്തിമ

ഇത്രയൊക്കെ പറയുമ്പോൾ നിങ്ങളും ഒരു മലയാളിയല്ലേ എന്ന് ചോദിക്കുന്നവൻ ടിപ്പിക്കൽ മലയാളിയായിരിക്കും, അവന് ഈ പോസ്റ്റ്‌ ഷെയർ ചെയ്യാൻ ആവുകയില്ല

വേറൊരാൾ നന്നായിരുന്നാൽ കുഴപ്പം തോന്നുന്ന ഏക വർഗ്ഗം മലയാളിയാണെന്ന പരാമർശവുമായി രഹന ഫാത്തിമ രംഗത്ത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മലയാളിയെ കുറിച്ചുള്ള രഹ്‌നയുടെ കണ്ടെത്തലുകൾ അവർ പങ്കുവച്ചത്. മലയാളികളുടെ സ്ഥായിയായ ഭാവം വിഷാദത്തിന്റേതാണെന്ന് തോന്നാറുണ്ടെന്ന് രഹന ഫാത്തിമ തന്റെ കുറിപ്പിൽ പറയുന്നു.

Also Read:ബിജെപി നുണയന്മാരുടെ പാര്‍ട്ടി, ഉന്നത നേതാവ് ഏറ്റവും വലിയ നുണയൻ : അഖിലേഷ് യാദവ്

‘ഏതെങ്കിലും മലയാളിയോട് എന്തൊക്കെയാണ് വിശേഷങ്ങൾ എന്ന് ചോദിച്ചാൽ, ‘കുഴപ്പമില്ല’ അല്ലെങ്കിൽ ‘അങ്ങനെയൊക്കെ പോകുന്നു’ എന്ന മറുപടിയാണ് കിട്ടുക. ഇവിടെ രസകരമായ ചില കാര്യങ്ങൾ പരീക്ഷിച്ചു നോക്കാൻ നമുക്ക് കഴിയും. ആരെങ്കിലും എന്താണ് വിശേഷം എന്ന് ചോദിച്ചാൽ വെറുതെ ‘അടിപൊളി’ എന്നൊന്ന് പറഞ്ഞു നോക്കൂ. മറ്റെയാൾ ആകെ ചമ്മി വിളറി വെളുത്തിട്ടുണ്ടാകും. കാരണം അയാൾ ആഗ്രഹിക്കുന്നത് ‘കുഴപ്പമില്ല’ എന്ന മറുപടി കേൾക്കാനാണ്’, രഹന ഫാത്തിമ പറയുന്നു.

രഹ്‌ന ഫാത്തിമയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

i am not a typical mallu. മലയാളികളുടെ സ്ഥായിയായ ഭാവം വിഷാദത്തിന്റെതാണ് എന്ന് തോന്നാറുണ്ട്. ഏതെങ്കിലും മലയാളിയോട് എന്തൊക്കെയാണ് വിശേഷങ്ങൾ എന്ന് ചോദിച്ചാൽ ‘കുഴപ്പമില്ല’ അല്ലെങ്കിൽ ‘അങ്ങനെയൊക്കെ പോകുന്നു’ എന്ന മറുപടിയാണ് കിട്ടുക. ഇവിടെ രസകരമായ ചില കാര്യങ്ങൾ പരീക്ഷിച്ചു നോക്കാൻ നമുക്ക് കഴിയും. ആരെങ്കിലും എന്താണ് വിശേഷം എന്ന് ചോദിച്ചാൽ വെറുതെ ‘അടിപൊളി’ എന്നൊന്ന് പറഞ്ഞു നോക്കൂ. മറ്റെയാൾ ആകെ ചമ്മി വിളറി വെളുത്തിട്ടുണ്ടാകും. കാരണം അയാൾ ആഗ്രഹിക്കുന്നത് ‘കുഴപ്പമില്ല’ എന്ന മറുപടി കേൾക്കാനാണ്.

വേറൊരാൾ നന്നായിരുന്നാൽ കുഴപ്പം തോന്നുന്ന ഏക വർഗ്ഗം മലയാളിയാണ്. ഒരു തമിഴനോട് ചോദിച്ചു നോക്കൂ. ‘എപ്പടി ഇരുക്ക്’ മറുപടി ‘റൊമ്പ പ്രമാദം സാർ’ എന്നായിരിക്കും. ഒരു ഹിന്ദിക്കാരനോട് ചോദിക്ക്, അവൻ പറയുക ‘ബഹുത് അച്ഛാ’ അല്ലെങ്കിൽ ‘ബഹുത് ബടിയാ’
എന്നായിരിക്കും. ഒരു ഇംഗ്ലീഷുകാരനോട് ചോദിക്കുക, അവൻ പറയുക ‘ഫൈൻ’ അല്ലെങ്കിൽ ‘ഗ്രേറ്റ്’ എന്ന്. ഒരു അറബിയോട് ചോദിച്ചാൽ ‘അൽഹംദുലില്ലാ’ അല്ലെങ്കിൽ
‘അൽക്വൈസ്’ എന്നു പറയും. എല്ലാം പോസിറ്റീവ് ആയ പദങ്ങൾ.

ആരെങ്കിലും ചിരിക്കുന്നത് കണ്ടാൽ ഏറ്റവുമധികം അസ്വസ്ഥരാകുന്നത് മലയാളികളാണ്. കാരണം വളരെ ലളിതമാണ്. അവനു ചിരിക്കാൻ കഴിയില്ല. ഇനി ചിരി വന്നാലോ അതടിച്ചമർത്തി ഒരു ഭാഗത്ത് നീങ്ങിയിരിക്കും അത്ര തന്നെ. കാരണം മലയാളി ജീവിക്കുന്നത് അവന്റെ ഭൂതകാലങ്ങളിലും ഭാവി കാലങ്ങളിലും മാത്രമാണ്. അവന് ചുറ്റുപാടുകളെ, പ്രകൃതിയെ,പൂക്കളെ, നക്ഷത്രങ്ങളെ, കാൽ ചവുട്ടുന്ന മണ്ണിനെ,ചുറ്റുമുള്ള മനുഷ്യരെ ഒന്നും ശ്രദ്ധിക്കാൻ സമയമില്ല. അവൻ എപ്പോഴും ബിസിയാണ്. എന്തിനോ ഒക്കെ വേണ്ടിയുള്ള ഓട്ടത്തിലാണവൻ. മക്കൾക്കു വേണ്ടി, അച്ഛനമ്മമാർക്ക് വേണ്ടി, ഭാര്യക്കും ഭർത്താവിനും വേണ്ടി ജീവിതം ഹോമിച്ചു കൊണ്ടിരിക്കുകയാണ്.

തനിക്ക് വേണ്ടി ജീവിക്കുകയോ? ആ ചോദ്യം തന്നെ അവന് താങ്ങാൻ കഴിയുന്ന ഒന്നല്ല. അവന് ഒന്നിനും സമയമില്ല. ജീവിക്കാൻ മറന്നവന്ന് എവിടെയാണ് ആഹ്ലാദം? ജീവിതം കൈവിട്ടു പോയവൻ എങ്ങനെ ചിരിക്കാനാണ്. അവനെ സംബന്ധിച്ച് ഫലിതം വെറും ‘വളിപ്പാ’കുന്നു.അല്ലെങ്കിൽ ‘ചെളി’യെന്ന ന്യു ജൻ ഭാഷയിൽ കൊഞ്ഞനം കുത്തൽ. മലയാളിയുടെ വീട്ടിൽ കറണ്ട് പോയാൽ അവൻ ചെയ്യുന്ന ഒരു പണിയുണ്ട്. ‘കറൻറ് പോയല്ലോ’ എന്നു പറയുകയും ഉടനെ തന്നെ വാതിൽ തുറന്നു പുറത്തിറങ്ങി അപ്പുറത്തെ വീട്ടിൽ കറണ്ട് ഉണ്ടോ എന്ന് ഉറപ്പാക്കുകയും ചെയ്യും. അവിടെയും കറണ്ടില്ലെങ്കിൽ അവന് ആശ്വാസമായി. അതായത് എനിക്കോ കറണ്ടില്ല, അവനും കറണ്ടില്ലല്ലോ.

ഇതുതന്നെയാണ് മലയാളിയുടെ മനോഭാവം. മറ്റുള്ളവരുടെ സങ്കടം കാണുമ്പോൾ സന്തോഷിക്കുന്ന അസൂയ നിറഞ്ഞ മനസ്സാണ് മലയാളിയുടെത്. ആരെങ്കിലും ചിരിച്ചാൽ, സന്തോഷിച്ചാൽ, ആഘോഷിച്ചാൽ, അവർക്കെല്ലാം എന്തോ കുഴപ്പമുണ്ട് എന്നതാണ് അവന്റെ നിലപാട്. കുഴപ്പം ന്ന് വെച്ചാല് വട്ട്, അത് തന്നെ. പ്രണയത്തിന്റെ ലഹരി (ഇതൊരു അശ്ലീലമാണ് പലർക്കും ), അതു പോലെ ആഹ്ലാദം, ഉന്മാദം, ശാന്തത, എന്തിന് സന്തോഷം പോലും അവന് അന്യമാണ്. ആഹ്ലാദത്തിന്റെ പല അവസ്ഥകളെ അവൻ അവന്റെ നിഘണ്ടുവിൽ വെറും ‘ഭ്രാന്തായി’ ചിത്രീകരിച്ചിരിക്കുന്നു. ഇത്രമാത്രം സന്തോഷത്തിന്റെ അവസ്ഥകളെ മനസ്സിലാക്കാത്ത വിധം മലയാളി തരം താണു പോയത് എന്തുകൊണ്ടാണ്
എന്ന് ചിന്തിക്കേണ്ടതുണ്ട്.

സ്വന്തമായി ജീവിക്കാതെ സ്വന്തമായി സന്തോഷിക്കാൻ സാധിക്കാതെ.
എങ്ങനെയാണ് ഇവർ കാലം കഴിച്ചു കൂട്ടുന്നത്. എന്തു കാര്യത്തിലും അതെത്ര നന്നായാലും അതിനെ അഭിനന്ദിക്കാൻ മലയാളി തയ്യാറാവില്ല. ‘ഓ.. ഇതൊക്കെ എത്ര കണ്ടിരിക്കുന്നു’. അല്ലെങ്കിൽ ‘ഇതൊക്കെ ഉടായിപ്പ് അല്ലെ’ ഇങ്ങനെയാവും പ്രതികരണം. ചങ്കെടുത്ത് കാണിച്ചാൽ ചെമ്പരത്തിപ്പൂവെന്ന് പറയുന്നവൻ മലയാളി. ടിപ്പിക്കൽ മലയാളിയുടെ കൈയ്യിൽ എപ്പോഴും ഒരു മുഴക്കോൽ കാണും. മറ്റുള്ളവരെ അളക്കുക എന്നതു മാത്രമാണ് അവന്റെ ലക്ഷ്യം. സ്വന്തം കാലിൽ മന്തു വെച്ചു കൊണ്ട് കാലുളുക്കിയവനെ കളിയാക്കുന്നവനാണവൻ.

ഇതൊക്കെ കേരളത്തിൽ മാത്രം. കേരളത്തിന്റെ അതിർത്തി കടന്നാൽ അത് ഉത്തരേന്ത്യയോ ഗൾഫ് നാടുകളോ അമേരിക്കയോ ആവട്ടെ അവൻ സ്മാർട്ട് ആകുന്നു. ‘മലയാളി മനോഭാവം’ എടുത്ത് അട്ടത്തു വെക്കുന്നു. അല്ലെങ്കിൽ റിട്ടേൺ ടിക്കറ്റ് എടുക്കേണ്ടി വരുമെന്ന് അവനറിയാം. മലയാളിക്ക് മഴ ഭയങ്കരമാണ്, കാറ്റ് ഭീകരമാണ്, വെയിലോ അതി കഠിനമാണ്. നശിച്ച മഴ, മുടിഞ്ഞ ചൂട് ഒക്കെ അവന്റെ മാത്രം പ്രയോഗങ്ങളാകുന്നു. ഭയങ്കരം,ഭീകരം, കഠിനം എന്ന വാക്കുകളെല്ലാം വരുന്നത് മലയാളിയുടെ നെഗറ്റീവായ മനോഭാവത്തിൽ നിന്നാണ്. മഴയ്ക്ക് എങ്ങനെയാണ് ഭയങ്കരമാവാൻ കഴിയുക. ശക്തമായ മഴ എന്നോ നല്ല മഴ എന്നോ ഒക്കെ പറയുകയല്ലേ നല്ലത്.

മഴയെയോ വെയിലിനെയോ നമുക്ക് നിയന്ത്രിക്കാൻ കഴിയില്ല എന്ന് നമുക്കറിയാം. അപ്പോൾ അങ്ങനെ ഒരു മഴ പെയ്യുമ്പോൾ അതിനോടൊന്നിച്ച് പോകാൻ അല്ലേ നാം ശ്രമിക്കേണ്ടത്. ഒരു പീടികക്കോലായിൽ നിന്ന് ആ മഴ ഒന്നാസ്വദിയ്ക്കാൻ അവനു കഴിയില്ല. അവന് അപ്പോഴും തിരക്കാണല്ലോ. ട്രാഫിക് ലൈറ്റ് കേടായാൽ അവന് ഭ്രാന്തിളകും. ഏറ്റവും അധികം ഹോൺ അടിക്കുന്നതും മലയാളി തന്നെ. ഇത്രയൊക്കെ പറയുമ്പോൾ നിങ്ങളും ഒരു മലയാളിയല്ലേ എന്ന് ചോദിക്കുന്നവൻ ടിപ്പിക്കൽ മലയാളിയായിരിക്കും. അവന് ഈ പോസ്റ്റ്‌ ഷെയർ ചെയ്യാൻ ആവുകയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button