![](/wp-content/uploads/2022/02/whatsapp-image-2022-02-13-at-4.05.05-pm.jpeg)
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖക്കെതിരെ വിമർശനവുമായി അധ്യാപക സംഘടനകൾ രംഗത്തെത്തി. ചൊവ്വാഴ്ച അധ്യാപക സംഘടനകളുടെ യോഗം വിളിച്ചിരിക്കെ ഇന്ന് മാർഗ്ഗരേഖ പുറത്തിറക്കിയത് ശരിയായില്ലെന്ന് കോൺഗ്രസ് – സിപിഐ അനുകൂല അധ്യാപക സംഘടനകൾ പറഞ്ഞു. വൈകുന്നേരം വരെ ക്ലാസ് നീട്ടുമ്പോൾ ശനിയാഴ്ച പ്രവർത്തി ദിവസമാക്കുന്ന നടപടി പിൻവലിക്കണമെന്ന് കോൺഗ്രസ് സംഘടന കെപിഎസ്ടിഎ ആവശ്യപ്പെട്ടു. അതേസമയം, നയപരമായ തീരുമാനങ്ങൾ സർക്കാർ ഏകപക്ഷീയമായി എടുക്കുകയാണെന്ന് സിപിഐ സംഘടനയായ എകെഎസ്ടിയു പ്രതികരിച്ചു.
സംസ്ഥാനത്ത് നാളെ മുതൽ സ്‌കൂളുകൾ തുറക്കുകയാണ്. നാളെ മുതൽ ഒൻപതാം തരത്തിൽ വരെ പഠിക്കുന്ന കുട്ടികൾക്ക് ഉച്ചവരെ ഓഫ്‌ലൈൻ ക്ലാസ് ഉണ്ടായിരിക്കും. ഇനി മുതൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അവധി ദിവസങ്ങൾ ഒഴികെ ശനിയാഴ്ചകളിലും ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 21 മുതൽ എല്ലാ ക്ലാസുകളും വൈകിട്ട് വരെ ഉണ്ടാകും.
സാങ്കേതികമായി സ്കൂളിൽ എത്താൻ ബുദ്ധിമുട്ടുള്ളവർ ഒഴികെ വിദ്യാർഥികൾ എല്ലാം സ്‌കൂളുകളിൽ എത്തിച്ചേരണമെന്നാണ് വകുപ്പുതല നിർദ്ദേശം. ഹാജർ നില പരിശോധിച്ച്, ക്ലാസിൽ എത്താത്തവരെ സ്കൂളിലേക്ക് കൊണ്ടുവരാൻ അധികാരികൾ അധ്യാപകർക്ക് പ്രത്യേക ചുമതല നൽകി. സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാണ്. കേന്ദ്രീയ വിദ്യാലയങ്ങൾ അടക്കം എല്ലാ വിദ്യാലയങ്ങൾക്കും സർക്കാരിന്റെ ഈ തീരുമാനം ബാധകമാണ്.
Post Your Comments