
തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതൽ 17 വയസ് പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ 75 ശതമാനമായതായി (11,47,364) ആരോഗ്യ മന്ത്രി വീണാ ജോർജ്. ‘രണ്ടാം ഡോസ് വാക്സിനേഷനും കാര്യമായ രീതിയിൽ പുരോഗമിക്കുന്നുണ്ട്. 15 ശതമാനം കുട്ടികൾക്കാണ് (2,35,872) രണ്ടാം ഡോസ് വാക്സിൻ നൽകിയത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും കുട്ടികളുടെ വാക്സിനേഷനുള്ള ആക്ഷൻ പ്ലാൻ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ജനുവരി മൂന്നിനാണ് കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചത്. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് കുട്ടികൾക്ക് സ്‌കൂളിൽ തന്നെ വാക്സിനേഷൻ കേന്ദ്രങ്ങളാരംഭിച്ചു. വാക്സിനെടുക്കാൻ അർഹതയുള്ള ബാക്കിയുള്ള കുട്ടികൾ എത്രയും വേഗം വാക്സിൻ എടുക്കേണ്ടതാണെന്ന്’ മന്ത്രി അഭ്യർത്ഥിച്ചു.
‘കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ തയ്യാറാക്കിയാണ് വാക്സിനേഷൻ ഏകോപിപ്പിച്ചത്. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ പിങ്ക് നിറത്തിലുള്ള ബോർഡും മുതിർന്നവരുടേതിന് നീല നിത്തിലുള്ള ബോർഡും സ്ഥാപിച്ചു.
വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ തന്നെ വാക്സിൻ നൽകാനായി ജനുവരി 19ന് സ്‌കൂളുകളിൽ വാക്സിനേഷൻ കേന്ദ്രങ്ങളാരംഭിച്ചു. സ്‌കൂളുകളിലെ വാക്സിനേഷനായി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സ്‌കൂളുകളിലെ വാക്സിനേഷൻ സെഷനുകൾ അടുത്തുള്ള സർക്കാർ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിച്ചാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. സാധാരണ വാക്സിനേഷൻ കേന്ദ്രങ്ങൾ പോലെ സ്‌കൂൾ വാക്സിനേഷൻ കേന്ദ്രങ്ങളിലും വെയ്റ്റിംഗ് ഏരിയ, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവയും സജ്ജമാക്കിയാണ് വാക്സിനേഷൻ നടത്തിയതെന്ന്’ മന്ത്രി വ്യക്തമാക്കി.
Read Also: ഞായറാഴ്ച്ച യുഎഇയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
‘സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ ഇതുവരെ 100 ശതമാനവും (2,68,67,998) രണ്ടാം ഡോസ് വാക്സിനേഷൻ 85 ശതമാനവുമാണ് (2,27,94,149). ഇതുകൂടാതെ അർഹതയുള്ള 43 ശതമാനം പേർക്ക് (8,11,725) കരുതൽ ഡോസും നൽകിയിട്ടുണ്ട്. കോവിഡ് ബാധിച്ചവർക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്സിനെടുത്താൽ മതി. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവർ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണെന്ന് ‘മന്ത്രി കൂട്ടിച്ചേർത്തു.
Read Also: ഞായറാഴ്ച്ച യുഎഇയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Post Your Comments