ഡൽഹി: ഗുരുഗ്രാമിൽ ശാരീരിക വൈകല്യമുള്ള യുവതിക്ക് റെസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ചതായി പരാതി. സ്ഥാപനത്തിൽ വീൽചെയർ അനുവദിക്കില്ലെന്നും, മറ്റ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാകുമെന്നും പറഞ്ഞാണ് പ്രവേശനം വിലക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഡൽഹി സ്വദേശിനിയും ഡൽഹി യൂണിവേഴ്‌സിറ്റി സൈക്കോളജി മാസ്റ്റേഴ്‌സ് വിദ്യാർത്ഥിനിയുമായ സൃഷ്ടി പാണ്ഡെ എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്.
‘സുഹൃത്തിന്റെ സഹോദരൻ റസ്റ്റോറന്റിൽ റിസർവേഷൻ എടുത്തിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ വീൽചെയർ ഉള്ളിൽ അനുവദിക്കില്ലെന്നും മറ്റ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് പറഞ്ഞ് മാനേജർ പ്രവേശനം നിഷേധിക്കുകയായിരുന്നു. പിന്നീട് പുറത്തെ ടേബിളിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ചലനശേഷിയില്ലാത്ത ശരീരം ആയതിനാൽ കൂടുതൽ നേരം തണുപ്പിൽ ഇരിക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു.’ സൃഷ്ടി വ്യക്തമാക്കി.
ഇത് ആദ്യസംഭവമല്ലെന്നും, മുൻപും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും രാജ്യത്തെ മറ്റേതൊരു പൗരനെയും പോലെ അടിസ്ഥാന സ്വീകാര്യതയും അവകാശങ്ങളും തങ്ങൾക്കും ആവശ്യമാണെന്നും സൃഷ്ടി പറഞ്ഞു. തന്റെ ദൈനംദിന ജീവിത പോരാട്ടത്തിൻ്റെ ഭാഗമാണ് ഇത്തരം സംഭവങ്ങൾ എന്നും സൃഷ്ടി കൂട്ടിച്ചേർത്തു. തൻ്റെ ദുരനുഭവം സൃഷ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെത്തുടർന്ന് നിരവധി പേരാണ് പിന്തുണയുമായി രംഗത്ത് വന്നത്. ആ റെസ്റ്റോറന്റ് ഇനി സന്ദർശിക്കില്ലെന്ന് പറഞഞ്ഞും റെസ്റ്റോറന്റിനെതിരെ പരാതി നൽകാൻ നിയമപരമായ പിന്തുണ വാഗ്ദാനം ചെയ്തും ആളുകൾ രംഗത്തെത്തി.
Post Your Comments