Latest NewsDevotional

ബദ്രിനാഥിലെ ബദ്രിവിശാൽ

ഹിമാലയത്തില്‍, അഭിമുഖമായി നിൽക്കുന്ന നരനാരായണ പർവതങ്ങളുടെ താഴ്വരയിലാണ് ബദരിനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാ യോഗ്യരായ നരനും നാരായണനും തപസ്സു ചെയ്തിരുന്നത് ഇവിടെയാണ്. ആകര്‍ഷണീയമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് 10,000 അടി ഉയരത്തിലാണ്. ബദരീനാഥിനെക്കുറിച്ച് ഒരൈതിഹ്യമുണ്ട്. ശിവനും പാര്‍വതിയും വസിച്ചിരുന്നത് ബദരീനാഥിലാണ്. ഒരു ദിവസം ശിവനും പാര്‍വതിയും നടക്കാനിറങ്ങി, തിരിച്ചു വന്നപ്പോള്‍ വീടിന്‍റെ ഉമ്മറത്തായി ഒരു കുഞ്ഞ് കരഞ്ഞു കൊണ്ട് നില്‍ക്കുന്നത് അവര്‍ കണ്ടു. കരയുന്ന കുഞ്ഞിനെക്കണ്ട് ദേവിയുടെ മാതൃത്വം ഉണര്‍ന്നു. കുഞ്ഞിനെ ചെന്നെടുക്കാന്‍ അവര്‍ തിടുക്കപ്പെട്ടു.എന്നാല്‍ ശിവന്‍ പാര്‍വതിയെ തടഞ്ഞുകൊണ്ട്,

“കുഞ്ഞിനെ തൊടരുത്” എന്നുപറഞ്ഞു.
ഇതു കേട്ട പാര്‍വതി, “അങ്ങ് ഇത്ര ഹൃദയശൂന്യനായിപ്പോയല്ലൊ! ഇപ്രകാരം പറയാന്‍ അങ്ങക്കെങ്ങിനെ കഴിയുന്നു?” എന്ന് സങ്കടപ്പെട്ടു. ശിവന്‍ അതിനിങ്ങനെ മറുപടി പറഞ്ഞു, “ഇത് ഒരു സാധാരണ കുഞ്ഞല്ല. ഈ കുഞ്ഞ് ഒറ്റയ്ക്ക് എന്തിന് നമ്മുടെ വീട്ടുപടിക്കല്‍ വന്നു? മഞ്ഞുപുതഞ്ഞുകിടക്കുന്ന ഈ വഴിത്താരയില്‍ മറ്റാരെയും കാണുന്നില്ലല്ലൊ. അച്ഛനമ്മമാരുടെ കാലടയാളങ്ങള്‍പോലും ഇവിടെയെങ്ങും കാണുന്നില്ല. യാതൊരു സംശവും വേണ്ട, ഇതൊരസാധാരണ ശിശുവാണ്.”“ഒരു കുഴപ്പവുമുണ്ടാകില്ല. ഞനൊരമ്മയല്ലെ? എനിക്ക് ഈ കുഞ്ഞിനെ അങ്ങനെയങ്ങ് ഉപേക്ഷിച്ചു പോകാന്‍ കഴിയില്ല. ഒരു മനുഷ്യ ജീവി പോലുമില്ലാത്ത ഈ മലയിടുക്കില്‍, ഈ കൊടും തണുപ്പത്ത്, ഈ പിഞ്ചുകുഞ്ഞിനെ എങ്ങിനെ ഞാന്‍ കളയും?’” ഇതുപറഞ്ഞ് ദേവി കുഞ്ഞിനേയുമെടുത്ത് വീടിനുള്ളിലേക്കുപോയി.

കുഞ്ഞാകട്ടെ, പാര്‍വതിയുടെ മടിയില്‍ സ്വച്ഛനായിരുന്നു കൊണ്ട് ഭഗവാനെ കുസൃതിയോടെ നോക്കി. പരിണത ഫലത്തെക്കുറിച്ച് അന്തര്‍ജ്ഞാനമുണ്ടായിരുന്ന ഭഗവാന്‍, “ശരി, എന്നാല്‍ അങ്ങനെയാകട്ടെ. നമുക്ക് വരുന്നടത്തു വച്ചു കാണാം.” എന്നുപറഞ്ഞു. ഭക്ഷണമൊക്കെ നല്‍കി കുഞ്ഞിനെ ആശ്വസിപ്പിച്ചശേഷം, അവനെ വീട്ടിലിരുത്തിയിട്ട് പാര്‍വതി പരമശിവനോടൊപ്പം അടുത്തുള്ള അരുവിയിലേക്ക് കുളിക്കാന്‍ പോയി. മടങ്ങിയെത്തിയപ്പോള്‍ വാതിലുകള്‍ അകത്തുനിന്നും പൂട്ടിയിരിക്കുന്നതാണ് കണ്ടത്. പാര്‍വതി വല്ലാതെ പരിഭ്രമിച്ചു, “ആരാണിത് ചെയ്തത്?”
“ഞാന്‍ അപ്പോഴേ പറഞ്ഞില്ലെ, ആ കുഞ്ഞിനെ എടുക്കരുതെന്ന്. അനുസരിക്കാതെ കുഞ്ഞിനെ വീട്ടിനുള്ളിലേക്കു കൊണ്ടുപോന്നു. ഇപ്പോള്‍ ഇതാ അവന്‍ ഉള്ളില്‍ നിന്നും മുറി പൂട്ടിയിരിക്കുന്നു”, ശിവന്‍ പറഞ്ഞു.

“ഇനിയിപ്പോളെന്തുചെയ്യും?” പാര്‍വതി വിഷമിച്ചു.

അത് സാക്ഷാല്‍ മഹാവിഷ്ണുവായിരുന്നു. മഹാവിഷ്ണുവിന് ആ സ്ഥലം നന്നേ ബോധിച്ചു, അവിടെത്തന്നെ തപസ്സിരിക്കണം എന്ന പിടിവാശിയായിരുന്നു. അതിനായി മെനഞ്ഞെടുത്ത ഒരു തന്ത്രമായിരുന്നു അത്. ശിവന് രണ്ടു പോംവഴികളെ ഉണ്ടായിരുന്നുള്ളു – ഒന്നുകില്‍ കണ്മുന്നില്‍ തന്നെ എല്ലാം അഗ്നിക്കിരയാക്കുക, അല്ലെങ്കില്‍ മറ്റേതെങ്കിലും ഇടം കണ്ടുപിടിച്ച് അവിടേക്കു പോകുക.

“നമുക്ക് മറ്റെവിടേക്കെങ്കിലും പോകാം. ഈ കുഞ്ഞ് നിനക്ക് ഏറെ പ്രിയപ്പെട്ടവനായതുകൊണ്ട്, എനിക്കവനെ ഉപദ്രവിക്കാനാവുകയില്ല,” അദ്ദേഹം പറഞ്ഞു. കിടപ്പാടം നഷ്ടപ്പെട്ട അവർ താമസിക്കുന്നതിന് അനുയോജ്യമായ ഒരിടം തേടി അവര്‍ നടന്നു. ഒടുവില്‍ കേദാരനാഥിലെത്തുകയും, അവിടെ താമസമുറപ്പിക്കുകയും ചെയ്തു. വിശാൽ എന്നറിയപ്പെടുന്ന ബദരീനാഥിന് ചരിത്രപരമായ പ്രധാന്യവുമുണ്ട്. ആദിശങ്കരനാണ് ഇവിടുത്തെ ക്ഷേത്രം പണിതത്. ബദരീ നാരായണന്റെ പാദം കഴുകി ഒഴുകുന്ന അളകനന്ദയില്‍ ശങ്കരന്‍ മുങ്ങിയെടുത്തതാണ് ഇപ്പോള്‍ അവിടെ സ്ഥാപിച്ചിരിക്കുന്ന മഹാവിഷ്ണുവിന്റെ ധ്യാനരൂപത്തിലുള്ള വിഗ്രഹം. അത് വിഷ്ണുവല്ല, ശിവനാണ് എന്നവകാശപ്പെടുന്നവരുമുണ്ട്.

ആയിരം കൊല്ലങ്ങള്‍ക്കു മുന്‍പ് കേരളത്തിലെ കാലടി എന്ന പ്രദേശത്താണ് ആദിശങ്കരാചാര്യരുടെ ജനനം. അസാമാന്യ ഗ്രഹണശക്തിയുള്ള കുട്ടിയായിരുന്നു ശങ്കരന്‍.ബുദ്ധിവൈഭവവും അമാനുഷിക കഴിവുകളും കൊണ്ട് തികച്ചും വ്യത്യസ്തന്‍. രണ്ടു വയസ്സുള്ളപ്പോഴെ സംസ്കൃതം സരളമായി സംസാരിക്കാനും എഴുതാനും അദ്ദേഹത്തിനു കഴിയുമായിരുന്നു; നാലുവയസ്സില്‍ വേദങ്ങള്‍ ഉച്ചരിക്കാനും. പന്ത്രണ്ടുവയസ്സായപ്പോള്‍ വീടുപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിച്ചു. അത്രയും ചെറിയ പ്രായത്തില്‍ തന്നെ ശിഷ്യസമ്പത്ത് നേടിയ അദ്ദേഹം, അവരോടൊപ്പം രാജ്യം മുഴുവന്‍ സഞ്ചരിച്ച് ആദ്ധ്യാത്മിക തത്വശാസ്ത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങി.ഗൗഢപാദനായിരുന്നു ശങ്കരാചാര്യരുടെ വഴികാട്ടി. അദ്ദേഹത്തിന്‍റെ അവിശ്വസനീയമായ ഒട്ടേറെ പ്രവൃത്തികള്‍ക്ക് ഹേതു ആ ഗുരുവിന്‍റെ സ്വാധീനം തന്നെയായിരുന്നു. ഗൗഡപാദന്‍ നമ്മുടെ പാരമ്പര്യത്തിന്‍റെ ശ്രേഷ്ഠമായ കണ്ണിയാണ്. അദ്ദേഹം മഹാനായ ഒരു ഗുരുവായിരുന്നു. പക്ഷെ, അദ്ദേഹത്തിന്‍റെ പ്രബോധനങ്ങള്‍ എഴുതപ്പെട്ടിട്ടില്ല. എഴുതപ്പെടാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിരിച്ചിരുന്നു.

ബദരീനാഥ ക്ഷേത്രം സ്ഥാപിച്ചത് ആദിശങ്കരചാര്യരാണ്. അദ്ദേഹത്തിന്‍റെ ശിഷ്യരെത്തന്നെ അവിടെ നിയോഗിച്ചു. അദ്ദേഹം നിയോഗിച്ച പരമ്പരാഗത നമ്പൂതിരി കുടുംബങ്ങളിലെ നമ്പൂതിരിമാര്‍ തന്നെയാണ് ഇപ്പോഴും ആ ക്ഷേത്രത്തിലെ പുരോഹിതര്‍. ക്ഷേത്രം സ്ഥിതിചെയ്യുന്ന പട്ടണം അത്ര മികച്ചതല്ലെങ്കിലും, ക്ഷേത്രവും പരിസരവും അതിമനോഹരമായി സൂക്ഷിച്ചിരിക്കുന്നു. ഗോവിന്ദ്ഘട്ടില്‍നിന്ന് ബദരീയിലേക്കുള്ള ഇരുപത്തഞ്ചു കിലോമീറ്റര്‍ ദൂരത്തോളം വരുന്ന യാത്ര അത്യന്തം ആനന്ദകരമാണ്. ലോകത്ത് എത്രയോ സ്ഥലങ്ങളില്‍ ഞാന്‍ പോയിരിക്കുന്നു, പക്ഷെ ഈ ഇരുപത്തഞ്ചുകിലോമീ‍റ്റര്‍ ദൂരം വരുന്ന യാത്ര ലോകത്തെ ഏതൊരു യാത്രാ അനുഭവത്തേക്കാളും മികച്ചതാണ്.

വഴിയില്‍ കാണുന്ന കുന്നുകളുടേയും മലകളുടേയും മനോഹാരിത ‍വര്‍ണ്ണിക്കാന്‍ എനിക്കു വാക്കുകളില്ല.കാലടിയില്‍ നിന്നും ബദരീനാഥിലേയ്ക്ക് നടന്നുപോകാന്‍ മുവ്വായിരം കിലോമീറ്ററിലധികം ദൂരമുണ്ട്. ആദിശങ്കരന്‍ അത്തരത്തിലുള്ള കാല്‍നടയാത്രകള്‍ കേവലം തെക്കുനിന്നും വടക്കോട്ടുമാത്രമല്ല നടത്തിയിട്ടുള്ളത്, കിഴക്കുനിന്നും പടിഞ്ഞാട്ടേക്കും നടന്നു സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹം തെക്കു വടക്കായി മൂന്നു തവണയും, കിഴക്കു പടിഞ്ഞാറായി ഒരു തവണയും ഭാരതത്തിലുടനീളം സഞ്ചരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഒരിക്കല്‍ ഭാരതത്തിന്‍റെ വടക്കന്‍ പ്രദേശത്തെത്തിയപ്പോള്‍, തന്‍റെ അമ്മ മരിച്ചു കൊണ്ടിരിക്കുന്നതായി ആദിശങ്കരന് ഒരു ഉള്‍വിളി തോന്നി. അന്ത്യം അടുക്കുമ്പോള്‍ തന്‍റെ അരികില്‍ ഉണ്ടാകണം എന്ന ഒറ്റ ഉറപ്പിന്മേലാണ് മകനെ പന്ത്രണ്ടാം വയസ്സില്‍ ആ അമ്മ സന്യാസത്തിനയച്ചത്. ആദിശങ്കരന്‍ ഉടനെതന്നെ കേരളത്തിലേക്ക് യാത്ര തിരിച്ചു. മരണാസന്നയായി കിടക്കുന്ന തന്‍റെ അമ്മയുടെ അരികിലേക്ക്, ഇക്കണ്ട ദൂരമത്രയും താണ്ടി അദ്ദേഹം എത്തി.

അവലംബം: സദ്‌ഗുരു

shortlink

Related Articles

Post Your Comments

Related Articles


Back to top button