ന്യൂഡൽഹി: ഹിജാബ് ധരിച്ച പെൺകുട്ടി ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന്
എ.ഐ.എം.ഐ.എം അധ്യക്ഷനും ലോക്സഭ എം.പിയുമായ അസദുദ്ദീൻ ഒവൈസി. കർണാടകയിലെ കോളേജുകളിൽ മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ നടപടി വിവാദമായതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹിജാബ് ധരിച്ച സ്ത്രീകൾ കോളേജുകളിൽ പോകുമെന്നും ജില്ലാ കളക്ടർമാർ, മജിസ്ട്രേട്ടുകൾ, ഡോക്ടർമാർ, ബിസിനസ്സുകാർ എന്നിവരാകുമെന്നും ഒവൈസി ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. അത് കാണാനൊരു പക്ഷേ, താനുണ്ടാവില്ലെന്നും തന്റെ വാക്കുകൾ എഴുതി വയ്ക്കുവാനും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. നമ്മുടെ പെൺകുട്ടികൾ ഹിജാബ് ധരിക്കണമെന്ന് തീരുമാനിക്കുകയും മാതാപിതാക്കളോട് പറയുകയും ചെയ്താൽ അവർ അതിനെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഒവൈസി വ്യക്തമാക്കി.
പെൺകുട്ടികളെ ഹിജാബ് ധരിക്കുന്നതിൽ നിന്നും തടയാൻ ആർക്കാണ് കഴിയുന്നതെന്ന വെല്ലുവിളികളും അദ്ദേഹം ഉയർത്തുന്നുണ്ട്. കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ അനുമതി തേടി വിദ്യാർത്ഥിനികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെ മതപരമായ വസ്ത്രങ്ങൾക്കുള്ള താൽക്കാലിക അനുമതി ഹൈക്കോടതി നിഷേധിക്കുകയും ചെയ്തു.
Post Your Comments