Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

‘അങ്ങനെയാണ് ക്യാമ്പസ് ഫ്രണ്ടിന്റെ സഹായം ഞങ്ങൾ സ്വീകരിച്ചത് ‘: ഹിജാബ് വിവാദത്തിന് തുടക്കം കുറിച്ച ആലിയ പറയുന്നു, അഭിമുഖം

‘ഒരു പെൺകുട്ടി അവളുടെ ഐഡന്റിറ്റി ആയാലും ശരീരമായാലും തുറന്നു കാണിക്കാൻ തയ്യാറാകുമ്പോൾ അവളെ ആരും തടയുന്നില്ല. അതേസമയം, സ്വയം മറയ്ക്കാൻ ആഗ്രഹിക്കുമ്പോൾ മറ്റുള്ളവർ എന്തിനാണ് അസ്വസ്ഥപ്പെടുന്നത്’?, ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി സ്‌കൂളിൽ സമരം ചെയ്യുന്ന ആറ് പെൺകുട്ടികളിൽ ഒരാളായ ആലിയ ആസാദിയുടെ വാക്കുകളാണിത്. പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കറിൻെറ പ്രതിനിധി പൂനം കൗശലിന് ആലിയ നല്‍കിയ അഭിമുഖത്തിൽ വസ്ത്രത്തിന്റെ പേരിൽ തങ്ങൾ നേരിടുന്ന വിവേചനവും വസ്ത്ര സ്വാതന്ത്ര്യമില്ലായ്മയും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യുന്ന ഹിജാബ് വിഷയം പൊട്ടിപുറപ്പെട്ടത് ആലിയ അടക്കമുള്ള ആറ് പെൺകുട്ടികളുടെ സമരത്തിന് പിന്നാലെയാണ്.

Also Read:വെസ്റ്റിന്‍ഡീസിനെതിരായ ടി20 ക്രിക്കറ്റ് പരമ്പര: രാഹുലും അക്‌സര്‍ പട്ടേലും പുറത്ത്

‘സിഖ് വിദ്യാർത്ഥികൾ തലപ്പാവ് ധരിച്ചാണ് സ്കൂളിൽ പോകുന്നത്. അതിനാർക്കും കുഴപ്പമില്ല. ഹിജാബ് ധരിക്കാതെ കുറച്ച് ദിവസം ഞങ്ങൾക്ക് സ്‌കൂളിലേക്ക് പോകേണ്ടി വന്നിട്ടുണ്ട്. ആ ചിത്രങ്ങൾ ഉപയോഗിച്ച് ഈ പെൺകുട്ടികൾ ഒരിക്കലും ഹിജാബ് ധരിച്ചിട്ടില്ല, ഇപ്പോഴാണ് അവർക്ക് പ്രശ്നമെന്ന രീതിയിലേക്ക് കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ഞങ്ങളെ കുറിച്ച് ഞങ്ങളുടെ അധ്യാപകർ തന്നെ വൃത്തികെട്ട കാര്യങ്ങൾ പറഞ്ഞുപരത്തുന്നു. ഞങ്ങളോട് പാകിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോകാൻ ആവശ്യപ്പെടുന്നു. എന്താണ് ഇതെല്ലാം? ഇതിന്റെ ഒക്കെ അർത്ഥമെന്താണ്?’, ആലിയ ചോദിക്കുന്നു.

ഹിജാബ് വിവാദത്തിന് പിന്നാലെ ട്വിറ്ററിൽ തന്റെ ഹോളോവേഴ്സ് ദിനംപ്രതി വർധിക്കുകയാണെന്ന് ആലിയ പറയുന്നു. അതേസമയം, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയാണ് ഈ പെൺകുട്ടികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചതെന്നും തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് എല്ലാം തീരുമാനിക്കുന്നത് അവരാണെന്നും ആരോപണമുണ്ട്. ആലിയയുടെ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍:

എത്ര കാലമായി ഹിജാബ് ധരിക്കാൻ തുടങ്ങിയിട്ട് ?

ചെറുപ്പം മുതൽ, ഫസ്റ്റ് സ്റ്റാൻഡേർഡ് മുതൽ ഞാൻ ഹിജാബ് ധരിക്കുന്നു. കുട്ടിക്കാലം മുതൽ എന്റെ കൂടെ പഠിച്ച മറ്റ് മൂന്ന് പെൺകുട്ടികളും ഹിജാബ് ധരിക്കാൻ തുടങ്ങിയതാണ്. അവരും ഈ പോരാട്ടത്തിൽ പങ്കാളികളാണ്.

എപ്പോഴാണ് കോളേജ് ഹിജാബ് നിരോധിച്ചത്? രേഖാമൂലമുള്ള ഉത്തരവ് ഉണ്ടായിരുന്നോ?

രേഖാമൂലമുള്ള ഉത്തരവില്ല. പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഞങ്ങളോട് ഹിജാബ് ധരിക്കുന്നത് നിർത്താൻ സ്‌കൂൾ അധികൃതർ പറഞ്ഞത്. എന്നാൽ അക്കാലത്ത് ഞങ്ങളുടെ സീനിയർ കോളേജ് വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ അനുവാദമുണ്ടായിരുന്നു. പക്ഷേ അധികൃതരുടെ സമ്മര്‍ദത്തിന് വഴങ്ങി ഞങ്ങള്‍ക്ക് അന്ന് ഹിജാബ് ഒഴിവാക്കേണ്ടിവന്നു.

നിങ്ങളുടെ കുടുംബത്തിന് ഇതേക്കുറിച്ച് ആശങ്കയുണ്ടോ?

ഇപ്പോള്‍ ഞങ്ങളുടെ ബന്ധുക്കള്‍ ഞങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. പക്ഷേ ഞങ്ങള്‍ക്ക് ധാരാളം ഭീഷണികള്‍ വരുന്നതിനാല്‍ അവര്‍ വളരെ ആശങ്കാകുലരാണ്.

ഈ വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്നും പിന്നിൽ ക്യാമ്പസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ആണെന്ന ആരോപണത്തെ കുറിച്ചും ആലിയയ്ക്ക് പറയാനുണ്ട്. അങ്ങനെ പറയുന്നവരാണ് രാഷ്ട്രീയം കളിക്കുന്നത് എന്നാണ് ആലിയ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കാര്യം തനിക്കറിയില്ലെന്നും പറഞ്ഞ ആലിയ, ക്യാമ്പസ് ഫ്രണ്ട് തങ്ങളുടെ കൂടെ ഉണ്ടെന്നും വെളിപ്പെടുത്തുന്നു. ക്യാമ്പസ് ഫ്രണ്ടിന്റെ സഹായം സ്വീകരിച്ചുവെന്നും പെൺകുട്ടി വെളിപ്പെടുത്തുന്നു. പ്രശ്നമുണ്ടായപ്പോൾ തന്നെ ക്യാമ്പസ് ഫ്രണ്ടിനെ സമീപിച്ചതല്ലെന്നും ക്ലാസിൽ നിന്നും പുറത്താക്കിയ ശേഷമാണ് അവരുടെ സഹായം തേടിയതെന്നും പെൺകുട്ടി പറയുന്നു.

Also Read:ചീട്ടുകളിക്കിടയിൽ മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റിനെ ഉൾപ്പെടെ പൊക്കി പൊലീസ്, ചീട്ടുകളി ഞമ്മക്ക് ഹറാമാണെ എന്ന് സോഷ്യൽ മീഡിയ

‘സ്‌കോളര്‍ഷിപ്പിന്റെ പ്രശ്‌നമായാലും മറ്റേത് പ്രശ്‌നമായാലും എല്ലാ വിഷയങ്ങളിലും വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന ക്യാമ്പസ് ഫ്രണ്ട് ഞങ്ങളെയും പിന്തുണയ്ക്കുന്നുണ്ട്. ഈ പോരാട്ടത്തില്‍ എന്റെ കുടുംബാംഗങ്ങളും ക്യാമ്പസ് ഫ്രണ്ടും മുസ്ലീം സമുദായവും എന്നോടൊപ്പമുണ്ട്. ഞങ്ങളോടൊപ്പമുണ്ട്. ക്യാമ്പസ് ഫ്രണ്ട് ആണോ ഇതിനു പിന്നില്‍? എന്നാണ് പലരും ചോദിക്കുന്നത്. ഞങ്ങള്‍ പൊടുന്നനെ ഈ വിഷയം ക്യാമ്പസ് ഫ്രണ്ടിന് മുന്നില്‍ ഉന്നയിച്ചെന്നാണ് ആളുകള്‍ പറയുന്നത്. അങ്ങനെയല്ല. അധികൃതരുമായി ഒരുപാട് സംസാരിച്ചിരുന്നു. ഞങ്ങളുടെ കുടുംബാംഗങ്ങളെ രണ്ടും മൂന്നും മണിക്കൂര്‍ ഓഫീസിന് പുറത്ത് നിര്‍ത്തി അവർ. ഇതോടെ ഞങ്ങള്‍ ഒരു പ്രതിഷേധം ആരംഭിക്കാന്‍ നിര്‍ബന്ധിതരായി. അങ്ങിനെയാണ് ക്യാമ്പസ് ഫ്രണ്ടിന്റെ സഹായം സ്വീകരിക്കേണ്ടിവന്നത്’, ആലിയ പറയുന്നു.

ഹിജാബ് ധരിക്കുക എന്നതും വിദ്യാഭ്യാസം നേടുക എന്നതും തന്റെ അവകാശമാണെന്നും താൻ ജീവിക്കുന്നത് ഒരു മതേതര രാജ്യത്താണ് എന്നും ആലിയ ഓർമിപ്പിച്ചു. ഹിജാബ് തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നാണ് പെൺകുട്ടി പറയുന്നത്. ഹിജാബ് ആണ് തന്റെ ഐഡന്റിറ്റിയെന്ന് പറയുന്ന പെൺകുട്ടി, ഹിജാബ് തനിക്ക് അഭിമാനവും വികാരവുമാണ് എന്നും വ്യക്തമാക്കി.

ഈ പ്രശ്‌നം ഇത്ര വലുതാകുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് ‘ഇല്ല’ എന്നാണ് ആലിയ മറുപടി നൽകിയത്. പ്രശ്നം പറഞ്ഞപ്പോൾ തങ്ങളുടെ പ്രിൻസിപ്പലിന് മനസിലാകുമെന്നായിരുന്നു കരുതിയിരുന്നതെന്നും ഇതൊരു വലിയ വര്‍ഗീയ പ്രശ്‌നമായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും പെൺകുട്ടി പറയുന്നു.

‘ഞങ്ങളുടെ അധ്യാപകര്‍ ഞങ്ങള്‍ക്ക് നേരെ വളരെ മോശമായ കമന്റുകള്‍ പറയാറുണ്ട്. ഹിജാബ് ധരിച്ച് വന്ന ഞങ്ങളുടെ സീനിയര്‍ പെണ്‍കുട്ടികളോട്, ഹിജാബ് നിങ്ങള്‍ക്ക് അത്ര പ്രധാനമാണോ? നിങ്ങള്‍ കുളിക്കുമ്പോഴും ഹിജാബ് ധരിക്കാറുണ്ടോ എന്നൊക്കെയായിരുന്നു അവരുടെ ചോദ്യം. അവര്‍ എന്തിന് ഞങ്ങളുടെ കുളിമുറിയില്‍ വരണം എന്നതാണ് എന്റെ ചോദ്യം. ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് ഞങ്ങളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. ഞങ്ങള്‍ കുളിക്കുമ്പോള്‍ ഹിജാബ് ധരിക്കുമോ ഇല്ലയോ എന്നത് അവരുടെ വിഷയമല്ല’, ആലിയ പറയുന്നു.

ഉള്ളടക്കത്തിന് കടപ്പാട്: ദെെനിക് ഭാസ്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button