ന്യൂഡൽഹി: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനങ്ങൾ തോറും ഓടി നടക്കുന്ന രാഹുൽ ഗാന്ധിയെയും പ്രിയങ്ക വാദ്രയേയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ നയിക്കാൻ നേതാക്കളില്ലാതായെന്നും ആകെയുള്ളത് ആങ്ങളയും പെങ്ങളും മാത്രമാണെന്ന പരാമർശമാണ് പ്രധാനമന്ത്രി നടത്തിയത്. ഉത്തരാഖണ്ഡിലെ അൽമോദയിൽ ബിജെപി തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന് ഉണ്ടായിരുന്ന മുതിർന്ന നേതാക്കളും മുഖ്യമന്ത്രിമാരും എവിടെപ്പോയി എന്ന ചോദ്യമാണ് നരേന്ദ്രമോദി ഉയർത്തിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രചരാണത്തിന് അവർ എത്താത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. പാർട്ടിയെ ഇപ്പോൾ നയിക്കുന്നത് ആങ്ങളയും പെങ്ങളും കൂടിയാണെന്നും മറ്റാരും നേതാക്കളായി ഇല്ലെന്നും മോദി പറഞ്ഞു.
ജാതിയുടേയും മതത്തിന്റെയും ഭാഷയുടേയും പേരിൽ, ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് ഉത്തരാഖണ്ഡിലെ ജനങ്ങൾ ഇത്രയുമധികം ബുദ്ധിമുട്ടിയതെന്ന് മോദി തുറന്നടിച്ചു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ബിജെപിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആവേശം കാണുമ്പോൾ ബിജെപിയല്ല, ജനങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് തോന്നിപ്പോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments