ദില്ലി: രാജ്യത്തെ ഹൈക്കോടതികളിൽ ജഡ്ജിമാരുടെ 411 ഒഴിവുകൾ ഉണ്ടെന്ന് നിയമമന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട്. അലഹബാദ് ഹൈക്കോടതിയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരള ഹൈക്കോടതിയിൽ ജഡ്ജിമാരുടെ 8 ഒഴിവുകളാണ് ഉള്ളത്. കണക്കുകൾ പുറത്ത് വന്നതിനു പിന്നാലെ മൂന്ന് ഹൈക്കോടതികളിലായി 16 ജഡ്ജിമാരുടെ നിയമനം പൂർത്തിയാക്കികൊണ്ട് നിയമമന്ത്രാലയം ഉത്തരവിറക്കിയിരുന്നു.
രാജ്യത്തെ എല്ലാ ഹൈക്കോടതികളിലുമായി 1098 ജഡ്ജിമാരെയാണ് ആകെ വേണ്ടത്. ഇതിൽ 829 പേർ സ്ഥിരം ജഡ്ജിമാരും 269 പേർ അഡീഷണൽ ജഡ്ജിമാരും ആകണം. എന്നാൽ രാജ്യത്തെ ഹൈക്കോടതികളിൽ നിലവിൽ 687 ജഡ്ജിമാർ മാത്രമാണ് ഉള്ളത്. 67 ജഡ്ജിമാരുടെ ഒഴിവുകളുമായി അലഹബാദ് ഹൈക്കോടതിയാണ് നിയമന കണക്കുകളിൽ ഏറ്റവും പിന്നിൽ.
നിലവിൽ, 172 നിയമന നിർദേശങ്ങൾ സർക്കാരിന്റെയും സുപ്രീം കോടതി കൊളീജിയത്തിന്റെയും പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണ്. ഹൈക്കോടതികളിലെ 239 ഒഴിവുകൾ സംബന്ധിച്ച് കൊളീജിയത്തിന്റെ കൂടുതൽ ശുപാർശകൾ ഇനിയും ലഭിക്കാനുണ്ട്. വിവിധ ഭരണഘടന സംവിധാനങ്ങളുടെ കൂടിയാലോചനയ്ക്കും അംഗീകാരത്തിനും ശേഷമാണ് നിയമനപ്രക്രിയ പൂർത്തിയാകുക. ജഡ്ജിമാരുടെ സ്ഥാനക്കയറ്റവും, വിരമിക്കലും, രാജിയും നിയമനങ്ങൾക്ക് ആനുപാതികമല്ലാത്തത് കൊണ്ടാണ് കൂടുതൽ ഒഴിവുകൾ ഉണ്ടാകുന്നത് എന്നാണ് ഈ വിഷയത്തിൽ വിദഗ്ധരുടെ നിരീക്ഷണം.
Post Your Comments