പാമ്പാർ നദിയിലൂടെ തൊണ്ണൂറുകാരന്റെ മൃതദേഹം ചുമന്ന് കൊണ്ട് പോകേണ്ട ഗതി ബന്ധുക്കൾക്ക് വന്നത് യു പിയിലോ ഗുജറാത്തിലോ അല്ല. ഇവിടെ നമ്മുടെ സ്വന്തം നമ്പർ വൺ കേരളത്തിലാണ്. സ്വകാര്യ വ്യക്തികൾ വളച്ചു കിട്ടിയതിനാൽ ആകെയുണ്ടായിരുന്ന വഴി നഷ്ടപ്പെട്ട നാച്ചിവയല്‍ ചെറുവാടില്‍ വനവാസി കോളനി നിവാസികളാണ് കേരളത്തിന്റെ നമ്പർ വൺ പദവിയ്ക്ക് മുകളിൽ ചവിട്ടി നിന്നുകൊണ്ട് യാഥാർഥ്യം പറയാൻ ശ്രമിക്കുന്നത്.
വർഷങ്ങളായി കോളനി നിവാസികൾ ഉപയോഗിച്ചിരുന്ന പാതയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ സ്വകാര്യവ്യക്തികൾ വേലി സ്ഥാപിച്ച് കൊട്ടിയടച്ചത്. വേലി വന്നതോടെ കോളനിവാസികളുടെ ദുരിതം ആരംഭിക്കുകയായി. നൂറു വർഷത്തിലധികമായി കോളനിവാസികൾ ദൈനംദിന കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരുന്ന പാതയാണ് ഇത്തരത്തിൽ കൊട്ടിയടച്ചത്. ഒടുവിൽ യാതൊരു മാർഗവും ഇല്ലാതെയാണ് 90 കാരന്റെ മൃതദേഹവും ചുമന്ന് കോളനിവാസികൾ പാമ്പാർ നദിയിലൂടെ നടക്കാൻ തുടങ്ങിയത്.
ഇപ്പോഴും വഴി നടക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്ത മനുഷ്യർ നമുക്ക് ചുറ്റുമുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് ഈ ദൃശ്യം ബാക്കി വയ്ക്കുന്നത്. നമ്പർ വൺ ആണെന്ന് എപ്പോഴും പറഞ്ഞുനടക്കുന്ന, സൂചികകൾ നിരത്തുന്ന നമ്മൾ താഴെക്കിടയിലുള്ള മനുഷ്യരിലേക്ക് കൂടി ഇറങ്ങി ചെല്ലേണ്ട സമയമായിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുന്നതിനുമപ്പുറം നമ്മൾ നമ്മളെ തന്നെ കൃത്യമായി നിരീക്ഷിക്കാനും തിരുത്താനും തയ്യാറാവേണ്ടിയിരിക്കുന്നു.
പല തവണ പരാതികൾ പറഞ്ഞിട്ടും, ഇവരെ കയ്യൊഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയും. ഒരു ഗ്രാമത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പാതയെ വേലികെട്ടി തിരിച്ച സ്വകാര്യവ്യക്തികളും പൊതു സമൂഹത്തിന് മുൻപിലും നിയമത്തിനു മുൻപിലും ഉത്തരം പറയാൻ തയ്യാറെടുക്കണം.
-സാൻ
Post Your Comments