വിജയവാഡ: റോഡിലൂടെ ഓടികൊണ്ടിരിക്കെ സ്‌കൂട്ടറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് യുവതി ബസ് ഡ്രൈവറെ തല്ലി. യുവതി ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ആണ് സംഭവം നടന്നത്.
സ്കൂട്ടറിന് സൈഡ് നല്കാതിരുന്നതിന് ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ ഡ്രൈവറെയാണ് യുവതി ബസില്‍ ഓടി കയറി തല്ലിയത്. സംഭവത്തിൽ ഡ്രൈവര്‍ യുവതിക്കെതിരെ പൊലീസിൽ പരാതി നൽകി. ബസ് ഡ്രൈവറെ മർദ്ദിച്ച 28 വയസ്സുകാരിയായ നന്ദിനിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ബസില്‍ കയറി യുവതി ഡ്രൈവറെ തല്ലുന്ന വിഡിയോ യാത്രക്കാര്‍ തന്നെ മൊബൈലിൽ പകർത്തുകയായിരുന്നു. നന്ദിനി റോഡിന്റെ വലതു ഭാഗം ചേർന്ന് സ്‌കൂട്ടര്‍ ഓടിച്ച് വരികയായിരുന്നു. ബസിന്റെ മുന്നില്‍പ്പെട്ടതോടെ സൈഡ് കൊടുക്കാൻ യുവതി ആവശ്യപ്പെട്ടു.
എന്നാല്‍ വേഗത കുറയ്ക്കാൻ ആണ് ഡ്രൈവർ പറഞ്ഞത്. ഇതോടെ ഇരുവരും തമ്മില്‍ റോഡിൽ വെച്ച് തന്നെ വാക്കുതർക്കമായി. പിന്നാലെ രോഷം കൊണ്ട യുവതി ബസിലേക്ക് ഓടി കയറി ഡ്രൈവറെ തല്ലുകയായിരുന്നു. ബസ് ഡ്രൈവര്‍ മുസലയ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്.
Post Your Comments