പാലക്കാട് : ട്രെക്കിങിന് പോയി മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും. വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിനാണ് കേസെടുക്കുക. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരമാണ് കേസെടുക്കുക. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.
കേസെടുക്കുന്നതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കെതിരെ കേസെടുക്കുന്നത് ബാബുവിന്റെ മൊഴിയെടുത്ത ശേഷം തീരുമാനിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, മലയിലേക്ക് ഇനി ആളുകൾ കയറാതിരിക്കാൻ വാച്ചർമാരെ ഏർപ്പെടുത്തുമെന്നും വനംവകുപ്പ് വ്യക്തമാക്കി.
Read Also : എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി: സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം
നിലവിൽ, പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. 48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. രണ്ട് ദിവസത്തോളം വെള്ളവും ഭക്ഷണവും കിട്ടാത്തതിനാൽ ബാബു ക്ഷീണിതനായിരുന്നു. രാവിലെ നടത്തുന്ന പരിശോധനകൾക്ക് ശേഷമായിരിക്കും ബാബുവിനെ വാർഡിലേക്ക് മാറ്റുക.
Post Your Comments