തിരുവനന്തപുരം: മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണ് കരസേന. രക്ഷിച്ചവർക്കൊപ്പമുള്ള ബാബുവിന്റെ വീഡിയോ
ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയാണ്. ഇതിനിടെ പൊത്തിനുള്ളിൽ നിന്നും രക്ഷപെടുത്തി മലമുകളിൽ എത്തിച്ചപ്പോൾ ബാബു സൈനികരോട് ചോദിച്ചത് ‘എന്നെയും ആർമിയിൽ എടുക്കുമോ’ എന്നായിരുന്നുവെന്ന് വെളിപ്പെടുത്തൽ. കേണല്‍ ഹേമന്ദ് രാജ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാതൃഭൂമി ന്യൂസ് സൂപ്പര്‍പ്രൈം ടൈമില്‍ സംസാരിക്കുന്നതിനിടെയാണ് ഹേമന്ദ് രാജ് ബാബുവിന്റെ പ്രതികരണം വെളിപ്പെടുത്തിയത്.
‘എത്ര കഠിനായ അവസ്ഥയിലാണെങ്കിലും ഇന്ത്യന്‍ ആര്‍മി കീ ജയ് എന്ന് വിളിക്കുമ്പോള്‍ ഞങ്ങള്‍ക്ക് തന്നെ കിട്ടുന്ന ഒരു ഊര്‍ജമാണ് ഏറ്റവും പ്രധാനം. എല്ലാവര്‍ക്കും കൂടി വേണ്ടിയാണ് ഞങ്ങളുടെ പ്രവർത്തനം’, അദ്ദേഹം പറഞ്ഞു. കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലാണ് സൈന്യം ബാബുവിനായുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. മലമുകളിൽ എത്തിച്ച ശേഷം ബാബു സൈനികർക്കൊപ്പം ‘ഇന്ത്യൻ ആർമി കീ ജയ്, ഭാരത് മാതാ കീ ജയ്’ വിളിച്ചിരുന്നു. ഇതിന്റെ വീഡിയോയും ശ്രദ്ധേയമായിരുന്നു.
Also Read:പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം: 60-കാരനെ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു
അതേസമയം, അത്രയും വലിയൊരു അപകടത്തിൽ നിന്നും ബാബുവിന് രക്ഷയായത് അവന്റെ ആത്മധൈര്യത്തിനൊപ്പം ഭാഗ്യം കൂടിയാണ്. ചൊവ്വാഴ്ച രാത്രി ആദ്യമിരുന്ന മലയിടുക്കില്‍നിന്ന് ബാബു വീണ്ടും താഴേക്ക് വീണിരുന്നു. എന്നാല്‍ പത്തടി താഴെയുള്ള മറ്റൊരു മലയിടുക്കില്‍ കാല്‍ ഉടക്കിയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആദ്യത്തെ മലയിടുക്കിൽ ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. എന്നാൽ, രണ്ടാമത്തേതിൽ കഷ്ടിച്ച് നില്‍ക്കാനുള്ള സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ ഏകദേശം 9 മണിക്കൂറോളം ആണ് ബാബു കഴിഞ്ഞത്.
അതേസമയം, ബാബുവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡില്‍ കഴിയുന്ന ബാബുവിനെ ഇതിനോടകം വിവിധ പരിശോധനയ്ക്ക് വിധേയനാക്കി. ബാബുവിനെതിരെ കേസടുക്കാൻ സാധ്യതയുണ്ട്. വനംവകുപ്പിനു കീഴിലുള്ള ഏതു പ്രദേശത്തും അനുമതിയില്ലാതെ ട്രക്കിങ് അനുവദിക്കില്ല. അനുമതിയില്ലാത്ത സാഹസിക യാത്രകൾ തടവും പിഴയും വരെ കിട്ടാവുന്ന കുറ്റമാണ്. വനത്തിൽ അതിക്രമിച്ചു കടക്കൽ നിയമ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്യുക. വനംവകുപ്പിനെ അറിയിക്കാതെ വനത്തിലൂടെ നടത്തുന്ന ഏതു യാത്രയും അനധികൃതവും ശിക്ഷാർഹവുമാണ്.
Post Your Comments