തിരുവനന്തപുരം: ഉച്ചക്കടയില്‍ പയറ്റുവിള സ്വദേശി സജികുമാറിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പൊലീസ് പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. റിമാൻഡിൽ ആയിരുന്ന പ്രതികളായ പയറ്റുവിള വട്ടവിള സ്വദേശി മാക്കാന്‍ ബിജു (42), കോട്ടുകാല്‍ കുഴിവിള വടക്കരുകത്ത് വീട്ടില്‍ പോരാളന്‍ രാജേഷ് (45) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തത്. രാത്രിയില്‍ നടത്തിയ പരിശോധനയില്‍ സജികുമാറിനെ കുത്തിയ ശേഷം വലിച്ചെറിഞ്ഞ കത്തി പ്രതി രാജേഷിന്റെ വീടിന്റെ കോഴിക്കൂടിന് മുകളില്‍ നിന്നും കണ്ടെടുത്തു.
Also read: യുപി തിരഞ്ഞെടുപ്പ് : സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത് 50000 സൈനികരെ
മൂര്‍ച്ചയേറിയ ചെറിയ കത്തിയാണ് പ്രതികൾ കൊലചെയ്യാൻ ഉപയോഗിച്ചത്. സമീപത്തെ കുന്നു കൂടിക്കിടക്കുന്ന ആക്രി സാധനങ്ങൾക്ക് ഇടയിലേക്കാണ് കത്തി വലിച്ചെറിഞ്ഞതെന്ന് പ്രതി മാക്കാന്‍ ബിജു പൊലീസിന് നേരത്തെ മാെഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആക്രി സാധനങ്ങള്‍ കൂട്ടിയിട്ട സ്ഥലത്തും കത്തിക്ക് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ രാത്രിയോടെയാണ് പ്രതികളിൽ ഒരാളുടെ വീട്ടുവളപ്പില്‍ നിന്നും പൊലീസ് കത്തി കണ്ടെടുത്തത്.
വിഴിഞ്ഞം സർക്കിൾ ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ശശി, കോവളം സിഐ പ്രൈജു എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ വൈകിട്ട് 5.15 ഓടെ പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്ന് കൊലയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും പൊലീസ് പറയുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും. ഇവർക്കിടയിലെ മദ്യപിക്കാന്‍ പണം ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്.
Post Your Comments