രക്ഷാപ്രവര്‍ത്തകരുടെ നീണ്ട പരിശ്രമങ്ങള്‍ക്കും കേരളക്കരയുടെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ മലമടക്കിലെ പൊത്തില്‍ നിന്നും മലയുടെ മുകളിലെത്തിയ ബാബുവിന്റെ ആദ്യ പ്രതികരണം പുറത്ത്. തന്നെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ ആര്‍മിക്ക് സ്നേഹമുത്തങ്ങൾ നൽകിയാണ് ബാബു തന്റെ നന്ദി രേഖപ്പെടുത്തിയത്. ‘ഇന്ത്യൻ ആർമി കീ ജയ്, ഭാരത് മാതാ കീ ജയ്’ എന്നിങ്ങനെ ജയ് വിളികളുമായി ബാബു സൈനികർക്കൊപ്പം മലമുകളിൽ വിശ്രമിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു.
ബാബുവിനെ തന്റെ ശരീരത്തോട് സുരക്ഷാ റോപ്പുപയോഗിച്ച് ബന്ധിച്ച് മലമുകളിലെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു ബാല എന്ന സൈനികന്‍. ബാബുവിന്റെ കാലിലേത് നിസാര പരിക്കാണെന്നാണ് വിലയിരുത്തല്‍. മലയുടെ താഴേക്ക് ബാബുവിനെ എത്തിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. സൈനികനും ബാബുയും എത്തിനില്‍ക്കുന്ന ഭാഗത്തേക്ക് ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
ഒരാള്‍ക്ക് വേണ്ടി നടന്ന സമാനതകളില്ലാത്ത രക്ഷാ ദൗത്യത്തിനാണ് കേരളം രണ്ട് ദിവസങ്ങളായി സാക്ഷ്യം വഹിച്ചത്. ബാബുവിനെ രക്ഷപ്പെടുത്താന്‍ പല വഴികളും തേടിയെങ്കിലും വിജയം കണ്ടില്ല. ഇന്ന് രാവിലെ ഒന്‍പതരയോടെ മാത്രമാണ് ബാബുവിന് സമീപത്ത് ഒരു സൈനികന് എത്താന്‍ സാധിച്ചതും ഭക്ഷണവും വെള്ളവും നല്‍കാന്‍ സാധിച്ചതും. സുഹൃത്തുക്കള്‍ക്കൊപ്പം തിങ്കളാഴ്ചയാണ് ബാബു മല കയറിയത്. 1000 മീറ്റര്‍ ഉയരമുളള മല കയറുന്നതിനിടെ ഒപ്പമുളള മൂന്ന് സുഹൃത്തുക്കള്‍ വിശ്രമിച്ചെങ്കിലും ബാബു കയറ്റം തുടരുകയായിരുന്നു. മുകളില്‍ നിന്നും തിരിച്ച് ഇറങ്ങുന്നതിനിടെയാണ് ബാബു കാല്‍ വഴുതി വീണ് ചെങ്കുത്തായ മലയുടെ ഇടുക്കില്‍ കുടുങ്ങിയത്.
Post Your Comments