പാലക്കാട്: വെള്ളപ്പാറയില്‍ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടം കെഎസ്ആര്‍ടിസി ഡ്രൈവറിന്റെ പിഴവ് മൂലമെന്ന് റിപ്പോര്‍ട്ട്. ബസ് ഡ്രൈവറുടെ പിഴവ് മൂലമാണ് ബൈക്ക് യാത്രക്കാര്‍ ബസിനും ലോറിക്കും ഇടയില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. അപകടമുണ്ടായ സംഭവത്തില്‍ ബസിന്റെ ഡ്രൈവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കെഎസ്ആർടിസി ജില്ലാ ഓഫീസര്‍ ശിപാര്‍ശ ചെയ്തു.
പാലക്കാട് വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ ഔസേപ്പിനെതിരേയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ബസിലെ യാത്രക്കാരോടും പോലീസിനോടും വിവരങ്ങള്‍ തേടിയ ശേഷമായിരുന്നു ജില്ലാ ഓഫീസറുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ കേസെടുത്ത കുഴല്‍മന്ദം പോലീസ്, അപകടത്തിനിടയാക്കിയ കെഎസ്ആര്‍ടിസി ബസ് പിടിച്ചെടുത്തു.
പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോട് സ്വദേശി സാബിത്ത് എന്നിവരയാണ് അപകടത്തില്‍ മരിച്ചത്. അമിതവേഗത്തിലെത്തിയ ബൈക്ക് ലോറിയിലിടിച്ച് അപകടം സംഭവിച്ചെന്നായിരുന്നു ആദ്യനിഗമനം. എന്നാല്‍ ചൊവ്വാഴ്ച രാവിലെ അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്കാമില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് യാഥാര്‍ഥ്യം പുറത്തുവന്നത്.
റോഡിന്റെ വലതുവശത്തുകൂടെ പോവുകയായിരുന്ന ലോറിയെ മറികടക്കുകയായിരുന്നു ബൈക്ക്. ഈ സമയം ലോറിയെ മറികടക്കാൻ ശ്രമിച്ച കെഎസ്ആർടിസി ബസ് പെട്ടെന്നു വെട്ടിച്ചതാണ് അപകടത്തിനു കാരണമായത്. ഇടതുഭാഗത്ത് സ്ഥലമുണ്ടായിട്ടും ബസ് മനഃപൂര്‍വം വലത്തേക്ക് വെട്ടിച്ചതാണെന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.
Post Your Comments