സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ തോക്കുമായി വേട്ടയ്ക്കിറങ്ങിയ കേസില്‍ ഒളിവിൽ ആയിരുന്ന തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥന് ഗൂഡല്ലൂര്‍ ധർമ്മഗിരി സ്വദേശി ജെ. ഷിജു (43) കീഴടങ്ങി. എരുമാട് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ആയിരുന്ന ഷിജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അയാൾ തിങ്കളാഴ്ച രാവിലെ മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിലെത്തി സ്വയം കീഴടങ്ങിയത്. ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
Also read: മത്സ്യത്തൊഴിലാളിയെ കുത്തിക്കൊന്നു : മീനിനെതിരെ കേസെടുത്ത് വിശാഖപട്ടണം പോലീസ്
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ഷിജുവിനെ പൂമറ്റം വനഭാഗത്തും തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയത്. പൂമറ്റം ഭാഗത്ത് കാടിനോട് ചേര്‍ന്ന വഴിയരികില്‍ ഷിജു ഉപേക്ഷിച്ച ഹെഡ് ലൈറ്റ് തെളിവെടുപ്പിനിടെ കണ്ടെത്തി. എന്നാല്‍ ഇവിടെ ഉപേക്ഷിച്ചെന്ന് ഷിജു പറയുന്ന തിരകളുടെ അവശിഷ്ടങ്ങളും കത്തിയും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. 2021 സെപ്റ്റംബര്‍ 10 ന് പുലര്‍ച്ചെ രണ്ട് മണിക്ക് മുത്തങ്ങ റെയ്ഞ്ചിലെ തോട്ടാമൂല സെക്ഷനിലെ മുണ്ടക്കൊല്ലി പൂമറ്റം വനമേഖലയിലാണ് സംഭവം നടന്നത്.
കടുവകളുടെ കണക്കെടുപ്പിനായി വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് ഷിജുവും കൂട്ടാളികളും വേട്ടയ്ക്ക് ഇറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ജീന്‍സും ടീഷര്‍ട്ടും ധരിച്ച് കൈയിൽ ഹെഡ്ലൈറ്റും തോക്കും അരയില്‍ കത്തിയുമായി ഷിജു കാട്ടിലൂടെ നടക്കുന്നതിന്റെ ചിത്രങ്ങളാണ് സിസിടിവിയില്‍ നിന്നും ലഭിച്ചത്. നടന്ന് പോകുന്നതിനിടെ ക്യാമറയില്‍ നിന്നുള്ള ഫ്ളാഷ് ശ്രദ്ധയിൽപ്പെട്ട ഷിജുവും സംഘാംഗങ്ങളും അവിടെ നിന്നും കടന്നു കളഞ്ഞു. ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്യാമറയിൽ പതിഞ്ഞത് ഷിജുവാണെന്നും ഇയാള്‍ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനാണെന്നും തിരിച്ചറിയാൻ കഴിഞ്ഞത്.
Post Your Comments