പാരിസ്: റഷ്യ സുരക്ഷിതമല്ലെങ്കിൽ പിന്നെ യൂറോപ്പിനും സുരക്ഷിതത്വമുണ്ടാവില്ലെന്ന നിർണായക പ്രസ്താവനയുമായി ഫ്രാൻസ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണാണ് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത്. റഷ്യൻ ഭരണാധികാരി വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു മക്രോൺ.
രണ്ട് രാജ്യങ്ങളും സൈനിക നീക്കങ്ങൾ ആരംഭിക്കുന്നതിനു പകരം നയതന്ത്ര ചർച്ചകളിലൂടെ വേണം പ്രശ്നങ്ങൾ പരിഹരിക്കാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോണബാസ് മേഖലയിലെ സംഘർഷം പരിഹരിക്കാനും ഉക്രൈന്റെ സ്ഥിരത നിലനിർത്താനും സഹകരിക്കണമെന്ന് ഇമ്മാനുവൽ മക്രോൺ പുടിനോട് അഭ്യർത്ഥിച്ചു.
കൂടിക്കാഴ്ചക്ക് ശേഷം, മക്രോൺ മുന്നോട്ടു വെച്ച നിർദേശങ്ങളിൽ ചിലത് പ്രതീക്ഷയുളവാക്കുന്നതാണെന്ന് പുടിൻ വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് അടുത്തതായി കൂടിക്കാഴ്ച നടത്തുന്നത് ഉക്രൈൻ അധികാരിയായ സെലൻസ്കിയുമായിട്ടാണ്. ആ കൂടിക്കാഴ്ചക്ക് ശേഷം തങ്ങൾ ഒരുവട്ടം കൂടി ചർച്ച നടത്തുമെന്നും പുടിൻ അറിയിച്ചു.
ഒരു ലക്ഷത്തിലധികം സൈനികരെ ഉക്രൈൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന റഷ്യ, ഏത് നിമിഷവും ആക്രമണം അഴിച്ചു വിടുമെന്ന് യൂറോപ്യൻ രാഷ്ട്രങ്ങൾ ഭയപ്പെടുന്നുണ്ട്. ഒരു യുദ്ധത്തിന് വേണ്ട സൈനിക സന്നാഹത്തെ 70 ശതമാനത്തിലധികം റഷ്യ ഉക്രൈൻ അതിർത്തിയിൽ വിന്യസിച്ച് കഴിഞ്ഞുവെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു.
Post Your Comments