
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നടത്തിയ രൂക്ഷ വിമര്‍ശനത്തിന് പുറമേ രാജ്യസഭയിലും കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജനാധിപത്യത്തിന് ഏറ്റവും വലിയ അപകടം കുടുംബാധിപത്യ പാര്‍ട്ടികളാണ്. കുടുംബാധിപത്യ പാര്‍ട്ടിയില്‍ ഒരു കുടുംബം പരമപ്രധാനമാകുമ്പോള്‍ കഴിവുളളവന്‍ പുറത്താകുമെന്നും കുടുംബാധിപത്യം എന്നല്ലാതെ കോണ്‍ഗ്രസിന് ഒന്നും ചിന്തിക്കാനില്ലെന്നും മോദി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിനെ പിരിച്ചുവിടണമെന്ന് ആഗ്രഹിച്ചയാളാണ് മഹാത്മാഗാന്ധിയെന്ന് പറഞ്ഞ പ്രധാനമന്ത്രി കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നെന്ന് ചിലര്‍ അശ്ചര്യപ്പെടുന്നതായും ഇവര്‍ ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ എന്നതില്‍ കുരുങ്ങിക്കിടക്കുന്നവരാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. മഹാത്മാഗാന്ധിയുടെ ആഗ്രഹം നടന്നിരുന്നെങ്കില്‍ ഇന്ന് ഇന്ത്യ സ്വദേശിപാത സ്വീകരിക്കുമായിരുന്നു.
അടിയന്തിരാവസ്ഥയും സിഖ് കൂട്ടക്കൊലും കാശ്‌മീരി പണ്ഡിറ്റുകളുടെ പലായനവും ഉണ്ടാവുമായിരുന്നില്ലെന്നും പ്രധാനമന്ത്രി കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിന് മറുപടി പ്രസംഗത്തിലാണ് പ്രധാനമന്ത്രി ശക്തമായ കോണ്‍ഗ്രസ് വിമര്‍ശനം നടത്തിയത്. മുന്‍പ് രാജ്യത്ത് കൊവിഡ് വ്യാപനമുണ്ടാക്കിയതും വാക്‌സിന്‍ വിതരണം തകര്‍ക്കാന്‍ നോക്കിയതും കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി ലോക്‌സഭയില്‍ കുറ്റപ്പെടുത്തിയിരുന്നു. രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ ഇല്ലാത്തതിനെയും പ്രധാനമന്ത്രി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചു.
വർഷങ്ങളായി കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിച്ചുവെന്നും താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇത് അനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ ജനാധിപത്യം നിങ്ങളുടെ (കോൺഗ്രസിന്റെ) ഔദാര്യം കൊണ്ടല്ല. 1975-ൽ ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിച്ചവർ അതിനെക്കുറിച്ച് സംസാരിക്കരുത്.
1947 ന് മുൻപും ഇന്ത്യ ഉണ്ടായിരുന്നു. 1947 ശേഷമാണു രാജ്യം ഉണ്ടായതെന്ന് വിശ്വസിക്കുന്നത് 50 വയസുള്ള ചിലരുടെ ചിന്താഗതികളാണെന്നും അദ്ദേഹം രാഹുലിനെ ഉദ്ദേശിച്ചു പറഞ്ഞു.
‘രാഷ്ട്രം’ എന്ന വാക്കിൽ തന്നെ കോൺഗ്രസിന് പ്രശ്‌നമുണ്ടെന്ന് മോദി പറഞ്ഞു. ‘കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ രാജ്യത്തിന്റെ വികസനം അനുവദിച്ചില്ല, ഇപ്പോൾ പ്രതിപക്ഷത്തിരിക്കുമ്പോൾ അവർ രാജ്യത്തിന്റെ വികസനം തടസ്സപ്പെടുത്തുന്നു, അവർ ഇപ്പോൾ ‘രാഷ്ട്രത്തെ’ എതിർക്കുന്നു, ‘രാഷ്ട്രം’ എന്ന ആശയം ഭരണഘടനാ വിരുദ്ധമാണെങ്കിൽ, പിന്നെ എന്തുകൊണ്ട്? നിങ്ങളുടെ പാർട്ടിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് വിളിക്കുന്നുണ്ടോ?’ പ്രധാനമന്ത്രി ചോദിച്ചു.
Post Your Comments