Latest NewsNewsInternational

സൗദിയിൽ നിന്ന് മലയാളി അധ്യാപകന്‍ 10 കോടിയോളം രൂപയുമായി മുങ്ങിയെന്ന് പരാതി

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ പലര്‍ക്കും നാമമാത്ര ലാഭം നല്‍കുന്നതോടൊപ്പം വന്‍ തുക നിക്ഷേപം സ്വീകരിക്കുകയും ചെയ്തു.

റിയാദ്: സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായിരുന്ന മലയാളി പത്ത് കോടിയോളം രൂപ തട്ടി മുങ്ങിയതായി പരാതി. കോഴിക്കോട് പൂവാട്ടുപറമ്പ് കൊള്ളോളത്ത് തിരുത്തിപ്പള്ളി മൊയ്തീന്‍റെ മകന്‍ അല്‍താഫ് ആണ് എണ്‍പതോളം പേരില്‍ നിന്ന് ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി വിവിധ ഘട്ടങ്ങളിലായി പത്ത് കോടിയോളം രൂപ കൈക്കലാക്കി മുങ്ങിയതെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇയാൾക്കെതിരെ റിയാദ് ഇന്ത്യന്‍ എംബസി, നോര്‍ക്ക, ഡി.ജി.പി. എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി നോര്‍ക്കക്ക് ഇമെയില്‍ സന്ദേശം അയച്ചിട്ടുമുണ്ട്. ആറു വര്‍ഷത്തോളം ബിന്‍ലാദന്‍ കമ്പനിയില്‍ ജോലി ചെയ്ത ഇദ്ദേഹം ഇപ്പോള്‍ മൂന്നു വര്‍ഷമായി റിയാദിലെ സ്വകാര്യ സ്‌കൂളില്‍ കെമിസ്ട്രി അധ്യാപകനായാണ് ജോലി ചെയ്യുന്നത്. ബിന്‍ലാദന്‍ കമ്പനിയിലെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച ഇയാള്‍ അവരില്‍ പലരുടെയും ശമ്പളവും ജോലിയില്‍ നിന്ന് പിരിയുമ്പോള്‍ കിട്ടുന്ന സര്‍വീസ് ആനുകൂല്യങ്ങളുമെല്ലാം ബിസിനസിനെന്ന് പറഞ്ഞ് കൈക്കലാക്കി.

ഏതാനും നഴ്‌സുമാര്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. താന്‍ നല്‍കുന്ന ലാഭവിഹിതത്തില്‍ നിന്ന് ലോണ്‍ അടച്ചുതീര്‍ത്താല്‍ മതിയെന്ന് വിശ്വസിപ്പിച്ചാണ് ലോണെടുക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ദുബായില്‍ നിന്ന് സൗദിയിലേക്ക് ചോക്ലേറ്റ് ഇറക്കുമതി ചെയ്യുന്ന ബിസിനസാണെന്നാണ് ചിലരോട് ഇദ്ദേഹം പറഞ്ഞിരുന്നത്. മറ്റു ചിലരില്‍ ചിട്ടിയെന്ന് വിശ്വസിപ്പിച്ച് എല്ലാ മാസവും വന്‍തുക വാങ്ങിയിരുന്നു. പലര്‍ക്കും പല സമയങ്ങളിലും ലാഭവിഹിതമായി ചെറിയ സംഖ്യകള്‍ നല്‍കുകയും ചെയ്തു. നാട്ടിലുള്ളവരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. സംഘടനകളിലോ കൂട്ടായ്മകളിലോ അംഗമല്ലാത്ത ഇയാള്‍ മാന്യമായി പെരുമാറിയാണ് പണം കൈപറ്റിയിരുന്നത്. എല്ലാവരില്‍ നിന്നും രഹസ്യമായി ഇടപാട് നടത്തിയതിനാല്‍ പണം കൈമാറ്റം സുഹൃത്തുക്കള്‍ പോലും പരസ്പരം അറിഞ്ഞിരുന്നില്ല. ബിസിനസ് പാര്‍ട്ണര്‍മാരാണെന്ന് പറഞ്ഞു മറ്റുള്ളവരുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യിച്ചിരുന്ന ഇയാള്‍ തന്റെ അക്കൗണ്ട് വിവരങ്ങളും മറച്ചുവെച്ചിരുന്നു.

Read Also: സിംഹാസനാരോഹണത്തിന്റെ 70-ാം വാർഷികം: എലിസബത്ത് രാജ്ഞിയെ അഭിനന്ദിച്ച് യുഎഇ നേതാക്കൾ

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ പലര്‍ക്കും നാമമാത്ര ലാഭം നല്‍കുന്നതോടൊപ്പം വന്‍ തുക നിക്ഷേപം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ പണം എന്തുചെയ്തുവെന്ന് വ്യക്തമല്ല. ഇത്രയും കാലത്തെ സമ്പാദ്യമാണ് ഇയാള്‍ അടിച്ചുമാറ്റിയതെന്ന് ഇവര്‍ പറയുന്നു. അതിനിടെ ഭാര്യയുടെ ഉമ്മയ്ക്ക് സുഖമില്ലെന്നും അവരെ എയര്‍പോര്‍ട്ടില്‍ എത്തിച്ച് തിരിച്ചുവരാമെന്ന് പറഞ്ഞ് ഒന്നരമാസം മുമ്പാണ് ഇവിടെ നിന്ന് മുങ്ങിയത്. എന്നാല്‍ നാട്ടിലന്വേഷിച്ചപ്പോള്‍ അങ്ങനെ ആര്‍ക്കും അസുഖമില്ലെന്നും അവര്‍ അവിടെ എത്തിയിട്ടില്ലെന്നും വ്യക്തമായി. 13 വര്‍ഷമായി ബന്ധമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നതെങ്കിലും 2019ല്‍ അയാളുടെ മാതാപിതാക്കള്‍ റിയാദില്‍ സന്ദര്‍ശക വിസയില്‍ വന്നു താമസിച്ചിട്ടുണ്ട്. സ്‌കൂളില്‍ നിന്ന് ഒരാഴ്ചത്തെ ലീവെടുത്താണ് ഇദ്ദേഹം ഭാര്യയെയും മക്കളെയും കൂട്ടി പോയിരിക്കുന്നത്.

ഇദ്ദേഹം ഇന്ത്യയിലെത്തിട്ടുണ്ടെന്ന് എംബസി അറിയിച്ചതായി ഇവര്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന കോഴിക്കോട് പുവാട്ട് പറമ്പിലെ വീട്ടിലും ഇപ്പോള്‍ ഇയാള്‍ താമസിക്കുന്ന പുളിക്കലിലെ വീട്ടിലും ഇതുവരെ ഇയാള്‍ എത്തിയിട്ടില്ല. മുംബൈയിലുണ്ടാകാനാണ് സാധ്യതയെന്നും ഇവര്‍ പറയുന്നു. വാര്‍ത്താസമ്മേളനത്തില്‍ സാബിര്‍ മുഹമ്മദ്, അന്‍സല്‍ മുഹമ്മദ്, സമദ് പള്ളിക്കല്‍, സമീര്‍, സജീറുദ്ദീന്‍, സതീഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button