തിരുവനന്തപുരം : മുസ്‌ലിം സമുദായത്തെ പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവച്ച ശ്രീജ നെയ്യാറ്റിൻകരയ്ക്ക് നേരെ വിമർശനം. തനിക്ക് ലഭിച്ച ഒരു വിമർശന പോസ്റ്റ് പങ്കുവച്ചുകൊണ്ട് തന്റെ നിലപാട് വ്യക്തമാക്കുകയാണ് ശ്രീജ നെയ്യാറ്റിൻകര. തനിക്ക് ഒരേ ഒരു രാഷ്ട്രീയ ശത്രുവാണുള്ളത് അത് ഹിന്ദുത്വ പ്രത്യയശാസ്ത്രം പേറുന്ന സംഘപരിവാർ ആണ് എന്ന് സമൂഹമാധ്യമത്തിലെ കുറിപ്പിൽ ശ്രീജ പറയുന്നു.
read also: ജനങ്ങളെ ഭീതിയിലാഴ്ത്തി കനത്ത നാശം വിതയ്ക്കാന്‍ ബത്സിറായി ചുഴലിക്കാറ്റ് എത്തുന്നു
കുറിപ്പ് പൂർണ്ണ രൂപം
‘ഇത് നിങ്ങളെ കുറിച്ചാണ് കേട്ടോ പറയുന്നത്’ എന്ന അടിക്കുറിപ്പോടെ ഒരു മനുഷ്യന്റെ സ്ക്രീൻ ഷോട്ട് ഒരു സുഹൃത്ത് വാട്സാപ്പിൽ അയച്ചു തന്നു …. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു … ‘ഞങ്ങൾക്ക് സംരക്ഷണ അമ്മായിയെ ആവശ്യമില്ല’….( ജമാഅത്തെ ഇസ്‌ലാമിക്കാരനാണ് )
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചില മുസ്ലീങ്ങളിൽ നിന്ന് സമാനമായ സ്വഭാവത്തിൽ പലതും കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് … കഴിഞ്ഞ ദിവസം ഒരുവൻ എന്നെ മെൻഷൻ ചെയ്ത് വിളിച്ചിട്ട് എഴുതിയത് ഞാൻ മുസ്ലിങ്ങളിലേക്ക് നുഴഞ്ഞു കയറരുത് എന്നാണ് … വേറൊരുവൻ എന്നെ മുസ്ലീങ്ങളുടെ ഇമാം എന്ന തരത്തിൽ ചിത്രീകരിച്ചിരിക്കുന്നത് കണ്ടു …. മുൻപും ഞാൻ ഈയിടത്തിൽ പ്രസ്തുത വിഷയത്തെ കുറിച്ച് പലതവണ എഴുതിയിട്ടുണ്ട്… എന്നാലും പ്രത്യേക സാഹചര്യത്തിൽ ഒരു തുറന്നെഴുത്ത് അനിവാര്യമാണെന്ന് തോന്നുന്നു ….
ഒന്നാമതായി എനിക്ക് പറയാനുള്ളത് എനിക്ക് കേരളത്തിലെ ഏതെങ്കിലും മുസ്ലീം വിഭാഗങ്ങളുമായോ സംഘടനകളുമായോ യാതൊരു ഔദ്യോഗിക ബന്ധങ്ങളും ഇല്ലെന്നതാണ് രാഷ്ട്രീയ നിലപാടുകളുടെ ഭാഗമായി പലരോടും യോജിക്കുകയും വിയോജിക്കുകയും ചെയ്യാറുണ്ട് ….
പലരും രാഷ്ട്രീയ ബോധമില്ലായ്മയുടെ ഫലമായി തെറ്റിദ്ധരിച്ചിരിക്കുന്നത് ഞാൻ മുസ്ലീങ്ങൾക്ക് വേണ്ടി എന്തോ ഔദാര്യം ചെയ്യുന്നു എന്നാണ് സത്യസന്ധമായി പറയട്ടെ ഔദാര്യം എന്നല്ല യാതൊന്നും ഞാൻ മുസ്ലീങ്ങൾക്ക് വേണ്ടി എന്നല്ല ആർക്കു വേണ്ടിയും ചെയ്യുന്നില്ല … ചെയ്തിട്ടുമില്ല …ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല …. ഔദാര്യം എന്ന വാക്കിലുൾച്ചേർന്നിരിക്കുന്ന അർത്ഥം എനിക്ക് തീരെ ചേർന്ന് നിൽക്കാനും കഴിയില്ല അത് മറുപക്ഷത്ത് നിൽക്കുന്ന എന്തിനേയും അപമാനിക്കുന്നതിന് തുല്യമാണ് …. എന്റെ ജീവിതത്തിൽ നിന്ന് ഞാൻ ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അത് എന്നെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ അപമാനിച്ചവരെ മാത്രമാണ് …
അപമാനിക്കപ്പെ ട്ടിരിക്കുന്നു എന്ന് തിരിച്ചറിയുന്ന ആ ഒരൊറ്റ നിമിഷം കൊണ്ട് അവരോടതുവരെയുണ്ടായിരുന്ന സകല സ്നേഹവും ഞാൻ പോലുമറിയാതെ ഹൃദയം ചോർത്തിക്കളയും … അഥവാ ജീവിതത്തിൽ ആരോടും ഔദാര്യം ചെയ്യാനോ തിരിച്ചു വാങ്ങാനോ ആഗ്രഹിക്കാത്ത ഒരാളാണ് ഞാൻ എനിക്കത് അപമാനമാണ്….
ഞാൻ സംസാരിച്ചു കൊണ്ടിരിക്കുന്നതും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും എന്റെ രാഷ്ട്രീയമാണ് അത് മുസ്ലീങ്ങൾക്കോ മാറ്റാർക്കെങ്കിലും വേണ്ടിയോ അല്ല ….എനിക്ക് വേണ്ടിയാണ് അത് മുസ്ലീങ്ങൾക്ക് വേണ്ടി എന്ന് ആർക്കെങ്കിലും തോന്നുന്നത് സംഘ പരിവാറിന് എതിരായത് കൊണ്ടാണ് … ഞാൻ സംഘ പരിവാറിനെ എതിർക്കുന്നതിന്റെ അടിസ്ഥാന കാരണം എന്റെ രാഷ്ട്രീയം ഫെമിനിസമായതു കൊണ്ടും ഞാൻ സമത്വമെന്ന ആശയത്തിൽ വിശ്വസിക്കുന്നത് കൊണ്ടും ജാതീയതയ്‌ക്കെതിരെ നിലകൊള്ളുന്നതു കൊണ്ടുമാണ് …. ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിനെതിരെ നിൽക്കുന്ന ഞാൻ ആ പ്രത്യയ ശാസ്ത്രത്തിന്റെ ഇരകളായ മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള സകലരേയും സ്നേഹിക്കുന്നു…. അത് ഞാൻ അവരോട് കാണിക്കുന്ന ഔദാര്യമല്ല എന്റെ രാഷ്ട്രീയമാണത് …. മാനവികതയുടെ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന എനിക്ക് മനുഷ്യരോടുള്ള സ്നേഹം എന്നാൽ ഔദാര്യമല്ല അതൊരു രാഷ്ട്രീയ നിലപാടാണ് ….
ഏതെങ്കിലും മുസ്ലീങ്ങളെ കൂടെ നിർത്താനോ അവരുടെ പിന്തുണ കിട്ടാൻ വേണ്ടിയോ ഞാൻ ഒന്നും ചെയ്തിട്ടില്ല … കാരണം മുസ്ലീങ്ങളുടെ എന്നല്ല ആരുടെയെങ്കിലും പിന്തുണ കിട്ടാൻ വേണ്ടിയല്ല ഞാൻ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നത്…. എനിക്ക് രാഷ്ട്രീയ സമാധാനം കിട്ടാൻ വേണ്ടിയാണ് … ഒരു ലക്ഷത്തിനടുത്ത് മനുഷ്യർ ഫോളോ ചെയ്യുന്ന എന്റെ ഐ ഡിയിൽ നിന്ന്, പതിനായിരക്കണക്കിന് മനുഷ്യർ ലൈക്ക് ചെയ്തിരിക്കുന്ന ഫേസ് ബുക്ക് പേജിൽ നിന്ന് മുസ്ലീങ്ങൾ ഉൾപ്പെടെ സകലരും ഇറങ്ങി പോയാലും രാഷ്ട്രീയം പറയാൻ എനിക്കത് തടസമേയല്ല …. ലൈക്കും ഷെയറും കമന്റ്റും എന്റെ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന ഒന്നല്ല ….
ഒരു മുസ്ലീം സ്വത്വപരമായി നേരിടുന്ന സങ്കീർണ്ണമായ പ്രശ്നങ്ങൾ ഒരിക്കലും ഒരു അമുസ്‌ലിം സ്ത്രീയായ എനിക്ക് പൂർണ്ണമായ അർത്ഥത്തിൽ മനസിലാക്കാൻ കഴിയില്ല എന്നെനിക്ക് ബോധ്യമുണ്ട് ….. അപ്പോഴും കഴിയുന്നിടത്തോളം ആ പ്രശ്നങ്ങളെ അഡ്രസ് ചെയ്യേണ്ടതുണ്ട് എന്ന് തന്നെ ഞാൻ കരുതുന്നു ….അതിന് എനിക്കെന്റെ മുസ്ലീമോ ദലിതോ അല്ലാത്ത ഫെമിനിസ്റ്റ് സ്വത്വം തടസമല്ല …
മുസ്ലീം പക്ഷ രാഷ്ട്രീയം പറയുന്നു എന്ന് കരുതി എന്നെ മുസ്ലീങ്ങൾ പിന്തുണയ്ക്കണം എന്നോ വിശ്വസിക്കണം എന്നോ ഞാൻ ഒരിടത്തും ഒരിക്കലും പറഞ്ഞിട്ടില്ല ഫാസിസ്റ്റ് കാലത്ത് സ്വന്തം നിലനിൽപിന് തന്നെ വെല്ലുവിളി നേരിടുന്ന മുസ്ലീങ്ങൾ എന്നെ പിന്തുണയ്ക്കണം എന്ന് പറയാൻ മാത്രം രാഷ്ട്രീയ വിഡ്ഢിയല്ല ഞാൻ … സ്ത്രീ എന്ന നിലയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇരയായ ഞാൻ അതേ രാഷ്ട്രീയത്തിന്റെ ഇരകളായ മുസ്ലീങ്ങളോട് ചേർന്ന് നിൽക്കുന്നു അത്രേയുള്ളൂ ഞാനും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധം … അതേ ചേർന്ന് നിൽപ് എനിക്ക് മറ്റു പലരോടും ഉണ്ട് ദലിതരോടുണ്ട് ക്വീർ മനുഷ്യരോടുണ്ട് തൊഴിലാളികളോടുണ്ട് സ്ത്രീകളോടുണ്ട് അവരാരും എന്നെ സംരക്ഷണ അമ്മായിയായി വിലയിരുത്തിയിട്ടില്ല … അതെന്റെ രാഷ്ട്രീയമായേ വിലയിരുത്തിയിട്ടുള്ളൂ …ആ രാഷ്ട്രീയത്തിൽ കൈകടത്താൻ ഒരാൾക്കും അവകാശമില്ല അഥവാ ഞാൻ മുസ്ലീങ്ങളുടെ എന്നല്ല ഒരു കൂട്ടരുടേയും സംരക്ഷണ അമ്മായി അല്ല എന്നർത്ഥം …
ഒരു മത വിശ്വാസി പോലും അല്ലാത്ത ഞാൻ എങ്ങനെയാണ് നിങ്ങളുടെ രക്ഷക വേഷം കെട്ടുന്നത് …?മത വിശ്വാസികളിൽ നല്ലൊരു ശതമാനം പേരും അംഗീകരിക്കാത്ത ക്വീർ വിഭാഗത്തിന്റെ അവകാശങ്ങൾക്കൊപ്പം നിൽക്കുന്ന ഞാൻ എങ്ങനെയാണ് മുസ്ലീങ്ങളുടെ ഇമാം ആകുന്നത് ..? സ്ത്രീയുടെ ശരീരം അവളുടെ സ്വാതന്ത്ര്യം ആണെന്ന് നിലപാടുള്ള ഫെമിനിസ്റ്റായ ഞാൻ എങ്ങനെയാണ് നിങ്ങളുടെ സംരക്ഷക ചമയുക? എന്റെ ഈ നിലപാടുകളൊക്കെ എപ്പോഴെങ്കിലും മറച്ചു വച്ച് ഞാൻ നിങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ശ്രമിച്ചിട്ടുണ്ടോ?
ഫാസിസ്റ്റ് ഇന്ത്യയിൽ അപരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് മുസ്ലീങ്ങൾ എന്ന രാഷ്ട്രീയ ബോധത്തിൽ നിന്നാണ് ഞാൻ മുസ്ലിം പക്ഷ രാഷ്ട്രീയം പറയുന്നത് അതിനെനിക്ക് ഒരു മുസ്ലീമിന്റെയും സമ്മത പത്രം ആവശ്യമില്ല …ആ രാഷ്ട്രീയം നിങ്ങൾ അംഗീകരിക്കണം എന്ന് എനിക്ക് യാതൊരു നിർബന്ധവുമില്ല …. നിങ്ങളുടെ ഒരു സൈബർ ആക്രമണങ്ങൾക്കും നുണ പ്രചാരണങ്ങൾക്കും പരിഹാസങ്ങൾക്കും എന്നെ ആ രാഷ്ട്രീയത്തിൽ നിന്നും പിന്തിരിപ്പിക്കാനുമാകില്ല …
എനിക്ക് ഒരേ ഒരു രാഷ്ട്രീയ ശത്രുവാണുള്ളത് അത് ഹിന്ദുത്വ പ്രത്യയശാസ്ത്രം പേറുന്ന സംഘപരിവാർ ആണ് ….. ബാക്കി സകലരോടും യോജിക്കാവുന്നിടത്തൊക്കെ യോജിക്കണം എന്നതാണ് നിലപാട് …
ഇനി മറ്റൊന്ന് കൂടെ …
ദേ കണ്ടില്ലേ മുസ്ലീങ്ങൾക്ക് വേണ്ടി പേനയുന്തുന്ന ശ്രീജയെ മുസ്ലീങ്ങൾ തന്നെ അറഞ്ചം പുറഞ്ചം തെറി വിളിക്കുന്നു എന്ന് മോങ്ങി നടക്കുന്ന സംഘികളോടാണ് നിങ്ങളുടെ വെള്ളം എന്റെ അടുക്കളയ്ക്കുള്ളിലെ അടുപ്പിൽ തിളപ്പിക്കാൻ നോക്കരുത് … അത് തിളയ്ക്കില്ല എന്ന് മാത്രമല്ല അതിൽ ഞാൻ മണ്ണ് വാരിയിടുകയും ചെയ്യും ….
അപ്പോൾ ശരി ❤
Post Your Comments