Latest NewsIndia

 ‘രാഹുൽ ഗാന്ധി ഒരു സമ്പൂർണ്ണ പരാജയം’ : പതിനെട്ടു വർഷങ്ങൾ കൊണ്ട് തെളിഞ്ഞതെന്ന് ശങ്കു ടി ദാസ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു സമ്പൂർണ പരാജയമാണെന്ന് സാമൂഹ്യപ്രവർത്തകൻ അഡ്വ.ശങ്കു ടി ദാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അക്കമിട്ടു നിരത്തിയത്.

പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്..

ഇവരെന്താണ് ഈ ചെയ്യുന്നത് എന്നെനിക്ക് മനസ്സിലാവുന്നേയില്ല.
2004ലാണ് രാഹുൽ ഗാന്ധി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നത്.
ആ വർഷം നടന്ന പൊതു തിരഞ്ഞെടുപ്പിൽ ആദ്യം വല്യച്ഛനും പിന്നെ അച്ഛനും അവസാനം അമ്മയും കൈവശം വെച്ചിരുന്ന കുടുംബ ഷുവർ സീറ്റായ അമേഠിയിൽ മത്സരിച്ചു അയാൾ എം.പി ആയി. 34 വയസ്സായിരുന്നു അയാൾക്കന്ന് പ്രായം.
അന്ന് മുതൽ അയാൾ ഭാവി പ്രധാനമന്ത്രിയാണ്.

അതിൽ പിന്നെ 18 വർഷങ്ങൾ കടന്നു പോയി.
എന്നാൽ അയാളിപ്പോളും അവിടെ തന്നെ നിൽക്കുകയാണ്.
രാഹുൽ ഗാന്ധി ഭാവി പ്രധാനമന്ത്രി ആയി പ്രഖ്യാപിക്കപ്പെടുന്ന 2004ൽ എനിക്ക് 14 വയസ്സാണ്.
ഞാനന്ന് ഒമ്പതാം ക്ലാസ്സിൽ പഠിക്കുക ആയിരുന്നു.
പിന്നെ ഞാൻ പത്താം ക്ലാസ് പാസ്സ് ആയി.
പ്ലസ് വണ്ണും പ്ലസ് ടുവും പാസ്സ് ആയി.
ബി.എ.എല്ലും എൽ.എൽ.ബിയും പാസ്സ് ആയി.
പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്തു.
സിവിൽ സർവീസ് കോച്ചിങ്ങിന് ചേർന്നു.
പിന്നെ അതുപേക്ഷിച്ചു എൻറോൾ ചെയ്തു.
വക്കീൽ പ്രാക്ടീസ് ആരംഭിച്ചു.
സമൂഹ മാധ്യമങ്ങളിൽ സജീവമായി.
ശബരിമല സമരത്തിൽ പങ്കെടുത്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു.
ഞാനിപ്പോളും ഒമ്പതാം ക്ലാസ്സിൽ പഠിക്കുക ആയിരുന്നെങ്കിൽ എനിക്കിത് മനസ്സിലാവുമായിരുന്നു.
പക്ഷെ 18 കൊല്ലത്തിൽ എന്റെ ജീവിതവും ചുറ്റുപാടുകളും പരിചയ വലയങ്ങളും അടിമുടി മാറി മറിഞ്ഞിട്ടുണ്ട്.
രാഹുൽ ഗാന്ധി ഒഴികെ.
അയാളിപ്പോഴും ഭാവി പ്രധാനമന്ത്രി തന്നെയാണ്.

ഇതിനിടെ കാലം ഒരുപാട് കടന്നു പോയി.
കുറ്റിപ്പുറം പാലത്തിനടിയിലൂടെ വെള്ളം ഒരുപാട് ഒഴുകി പോയി.
സച്ചിൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
മോഹൻലാൽ ബോട്ടൊക്സ് ചെയ്തു.
ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോഡി രണ്ട് വട്ടം പ്രധാനമന്ത്രിയായി.
പക്ഷെ രാഹുൽ ഗാന്ധി ഇപ്പോളും ഭാവി പ്രധാനമന്ത്രിയാണ്.

51 വയസ്സാണ് അയാൾക്കിപ്പോൾ പ്രായം.
ഒരുവിധം മനുഷ്യരൊക്കെ വിശ്രമ ജീവിതത്തെ പറ്റി ആലോചിച്ചു തുടങ്ങുന്ന സമയമാണ്.
സർക്കാർ സർവീസിൽ ആയിരുന്നെങ്കിൽ അഞ്ചു കൊല്ലം കഴിഞ്ഞാൽ റിട്ടയർമെന്റ് ആണ്.
ബിസിനസ്സുകാർ ലൈഫിലെ വെർട്ടിക്കൽസ് അവസാനിപ്പിച്ച് ഹോറിസോൺടൽസിൽ ശ്രദ്ധിച്ചു തുടങ്ങുന്ന കാലമാണ്.
സ്ത്രീകൾക്ക് ആണെങ്കിൽ മെനോപ്പോസ് ആണ്.
പക്ഷെ രാഹുൽ ഗാന്ധി ഇപ്പോളും ഭാവി പ്രധാനമന്ത്രിയാണ്.

അയാളുടെ അരങ്ങേറ്റ കാലത്ത് 145 സീറ്റ് ഉണ്ടായിരുന്ന കോൺഗ്രസ്സിന് ഇപ്പോൾ പാർലമെന്റിലുള്ള അംഗങ്ങളുടെ എണ്ണം 52 ആണ്. അയാൾ ആദ്യമായി മത്സരിക്കുമ്പോൾ കോൺഗ്രസ്സിന്റെ ഷുവർ സീറ്റായിരുന്ന അമേഠി മണ്ഡലത്തിലെ എം.പി ഇപ്പോളൊരു ബിജെപിക്കാരി ആണ്. 2014 വരെ 13 സംസ്ഥാനങ്ങളിൽ ഭരണമുണ്ടായിരുന്ന അയാളുടെ പാർട്ടിക്കിപ്പോൾ ഒറ്റയ്ക്ക് ഭരണം അവശേഷിക്കുന്നത് മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ്.

പക്ഷെ, രാഹുൽ ഗാന്ധി ഇപ്പോളും ഭാവി പ്രധാനമന്ത്രിയാണ്. ഒരാൾ തോൽവിയാണെന്ന് തുറന്നു പറയാൻ ചുറ്റുമുള്ളവർക്ക് ധൈര്യം പോരാതെ വരുമ്പോൾ മാത്രം സംഭവിക്കുന്ന സ്ഥിതിയാണിത്.

ഞാനുറച്ച് വിശ്വസിക്കുന്നുണ്ട്. രാഹുൽ ഗാന്ധിക്ക് കിട്ടിയത്ര അവസരങ്ങൾ കോൺഗ്രസ്സിലെ ഒരു സാധാരണ പഞ്ചായത്ത്‌ മെമ്പർക്ക് കൊടുത്തിരുന്നെങ്കിൽ പോലും അയാളിതിനകം ഒരു വട്ടമെങ്കിലും പ്രധാനമന്ത്രി ആയി കാണിച്ചിരിക്കും.

നെഹ്‌റു കുടുംബത്തിൽ ജനനം.
ഏറ്റവും നല്ല സ്‌കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസം.
ഏറ്റവും പരിണിത പ്രജ്ഞരായ രാഷ്ട്രീയ നേതാക്കളുടെ ഹോം ട്യൂഷൻ.
ദേശീയ രാഷ്ട്രീയത്തിൽ സ്വപ്ന തുല്യമായ ലോഞ്ചിങ്.
കൈപ്പത്തി ചിഹ്നത്തിൽ കുറ്റിച്ചൂൽ നിന്നാലും ജയിക്കുന്നൊരു സീറ്റ്.
മന്ത്രിസഭക്കും മേൽ അപാര സ്വാധീനം.
കേന്ദ്ര ഓർഡിനൻസ് വരെ കീറിയെറിയാനുള്ള അധികാരം.
ദേശീയ മാധ്യമങ്ങളുടെ അപരിമിതമായ പിന്തുണ.
ഇതൊക്കെ ഉണ്ടായിരുന്നെങ്കിൽ ഞാൻ വരെ ഇതിനുള്ളിൽ ഒന്ന് പ്രധാനമന്ത്രി ആയേനെ.
എന്നിട്ടും, രാഹുൽ ഗാന്ധി ഇപ്പോളും ഭാവി പ്രധാനമന്ത്രിയാണ്.
അയാളെ കൊണ്ടതിനൊന്നും കൊള്ളില്ലെന്നതാണ് ഇതിന്റെ ലളിത വിശദീകരണം.
ഒന്നും രണ്ടുമല്ല, പതിനെട്ടു കൊല്ലം കൊണ്ട് ആവർത്തിച്ചു തെളിയിക്കപ്പെട്ട വസ്തുത ആണത്.
എന്നിട്ടും അത് സമ്മതിക്കാൻ കൂട്ടാക്കാതെ അനുവാചക വൃന്ദം അയാളുടെ കമിങ് ഓഫ് ഏജിന് കാത്തിരിക്കുകയാണ്.

ഓരോ ആറ് മാസം കൂടുമ്പോളും ദെജാവു പോലെ “അതേ, ഇതാണ് ആ മുഹൂർത്തം, ഒടുവിൽ രാഹുൽജി പക്വത പ്രാപിച്ചിരിക്കുന്നു” എന്ന് പ്രതീക്ഷയോടെ പ്രഖ്യാപിക്കുകയാണ്.
എനിക്ക് മനസ്സിലാവുന്നേയില്ല ഇവരെന്താണീ ചെയ്യുന്നതെന്ന്.
രണ്ട് കാലും തളർന്നു കിടക്കുന്നയാൾ പരിശുദ്ധാത്മാവിന്റെ അത്ഭുത ഇടപെടലിൽ രോഗശാന്തി നേടി ഇപ്പോൾ എഴുന്നേറ്റ് ഓടി ചാടും എന്ന് പ്രതീക്ഷിച്ചു ചുറ്റും നിന്ന് കൈകൊട്ടുന്ന പെന്തക്കോസ്തുകാരെ പോലെ,
വാടി കരിഞ്ഞ പൂവിനോട് എന്നും ഗുഡ് മോർണിംഗ് പറഞ്ഞാൽ പോസിറ്റീവ് എനർജി കൊണ്ട് അത് വീണ്ടും വിടരും എന്ന് വിശ്വസിക്കുന്ന വൈറ്റൽ ഫോഴ്‌സുകാരെ പോലെ,
ഒണങ്ങി പേടായ കൊരട്ട് തേങ്ങയെ ആഴ്ചയിലൊരിക്കൽ ഇളനീരേ എന്ന് വിളിച്ചാൽ അത് പായസത്തിനും പാകമാവും എന്ന് കരുതുന്ന അന്തം ശുഭാപ്തി വിശ്വാസക്കാരെ പോലെ,

ഇവർ എന്നോ ഔട്ട്‌ ആയ രാഹുൽ ഗാന്ധിയുടെ പുതിയ ഇന്നിങ്സ് എല്ലാ കൊല്ലവും പ്രതീക്ഷിച്ചു തള്ളി മറിക്കുകയാണ്.

എന്തോ പ്രാണിക് ഹീലിംഗ് ടെക്‌നിക്ക് ആണെന്ന് തോന്നുന്നു!

shortlink

Related Articles

Post Your Comments

Related Articles


Back to top button