Latest NewsKeralaIndia

‘ഇവര്‍ക്കൊക്കെ അധികാരമുണ്ട്, ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ മാനിപ്പുലേറ്റ് ചെയ്ത്, ചൂഷണം ചെയ്ത് നശിപ്പിച്ചു’ -സ്വപ്ന

ഫോണ്‍ നല്‍കി ശിവശങ്കറിനെ ചതിക്കേണ്ട ആവശ്യം തനിക്ക് ഇല്ലെന്ന് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: ശിവശങ്കർ ഒരു ആത്മകഥ എഴുതിയത് മാത്രമേ ഓർമ്മയുള്ളു, അതിൽ സ്വപ്നക്കെതിരെ ആരോപണം ഉന്നയിച്ചു കൈകഴുകാൻ നോക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ആരോപണ ശരങ്ങളാണ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കൂട്ടുപ്രതി സ്വപ്ന ഉന്നയിക്കുന്നത്. യൂണിടാകില്‍ നിന്നും കിട്ടിയ ഐ ഫോണ്‍ തനിക്ക് നല്‍കിയത് സ്വപ്‌നയുടെ ചതിയാണെന്ന് എം ശിവശങ്കര്‍ പുസ്തകത്തില്‍ പറഞ്ഞിരുന്നു. ഫോണ്‍ നല്‍കി ശിവശങ്കറിനെ ചതിക്കേണ്ട ആവശ്യം തനിക്ക് ഇല്ലെന്ന് സ്വപ്‌ന സുരേഷ് വ്യക്തമാക്കി.

തന്നെ നശിപ്പിച്ചതില്‍ ശിവശങ്കറിന് വലിയ പങ്കുണ്ട്. മൂന്ന് വര്‍ഷത്തിലേറെയായി ശിവശങ്കര്‍ തന്റെ ജീവിതത്തിലുണ്ട്. കോണ്‍സുലേറ്റില്‍ നിന്ന് രാജി വെച്ചത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നും ഐടി വകുപ്പില്‍ നിയമനം നേടിത്തന്നത് ശിവശങ്കര്‍ ആണെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് സ്വപ്‌ന സുരേഷിന്റെ പ്രതികരണം. ശിവശങ്കറിന്റെ പിറന്നാളിനാണ് ഐ ഫോണ്‍ കൊടുത്തത്. അത് മാത്രമല്ല പല സമ്മാനങ്ങളും കൊടുത്തിട്ടുണ്ടെന്ന് സ്വപ്‌ന പറഞ്ഞു.

‘ഫോണ്‍ ലഭിച്ചത് കമ്മീഷന്റെ ഭാഗമായിട്ടല്ല. യുഎഇ കോണ്‍സുലേറ്റിന് സ്‌പോണ്‍സര്‍മാരില്‍ നിന്നും ലഭിച്ച ഫോണുകളിലൊന്നാണ് അത്. ലൈഫ് മിഷനില്‍ ശിവശങ്കര്‍ ആണ് യുഎഇ കോണ്‍സുലേറ്റുമായുളള കാര്യങ്ങള്‍ നോക്കിയിരുന്നത്.’ സര്‍ക്കാരുമായി ബന്ധപ്പെടാനുളള വഴി ശിവശങ്കര്‍ ആണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

‘യുഎഇ കോണ്‍സുല്‍ ജനറലും ശിവശങ്കറും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയാണ് യൂണിടാകിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കാനടക്കമുളള തീരുമാനങ്ങള്‍ എടുത്തത്. അതില്‍ ഒളിച്ച് വെക്കാനൊന്നും ഇല്ല. താന്‍ കേരള സര്‍ക്കാരിന്റെ അല്ല, യുഎഇ കോണ്‍സുലേറ്റിന്റെ പ്രതിനിധി ആയിരുന്നു. തന്റെ അറിവില്‍ ഇക്കാര്യങ്ങളൊന്നും മുഖ്യമന്ത്രിക്ക് അറിയുമായിരുന്നില്ല. ശിവശങ്കര്‍ കുറേ പേരെ ഇരുട്ടില്‍ നിര്‍ത്തുകയായിരുന്നു’.

‘താന്‍ ശിവശങ്കറുമായി ഒഫീഷ്യലി സംസാരിക്കുന്നത് കുറവാണ്. അണ്‍ഒഫീഷ്യലിയായിട്ടാണ് സംസാരിക്കാറുളളത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണ്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഇടപെട്ടിട്ടില്ല. ശിവശങ്കര്‍ തന്റെ കുടുംബത്തിലെ മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഒരു അംഗമായിരുന്നു. തന്റെ അച്ഛന്‍ അടക്കം എല്ലാം തുറന്ന് പറയുന്ന വ്യക്തി ആയിരുന്നു. തന്റെ ഒരു ഗാര്‍ഡിയന്‍, മെന്റര്‍ ഒക്കെ ആയിരുന്നു. കണ്ണടച്ച് വിശ്വസിച്ച് തന്നെയാണ് ശിവശങ്കര്‍ പറയുന്നത് കേട്ട് ജീവിച്ചത്’.

‘മുഖ്യമന്ത്രിയുടെ ആദ്യത്തെ യുഎഇ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു ശിവശങ്കറിനെ ആദ്യമായി ബന്ധപ്പെട്ടത്. പിന്നെ വളരെ ക്ലോസാവുകയും ബന്ധം വളരുകയും ചെയ്തു. ഐ ഫോണ്‍ കൊടുത്ത് ചതിക്കുന്ന തരത്തിലുളള ഒരു ബന്ധം അല്ല താനും ശിവശങ്കറും തമ്മിലുണ്ടായിരുന്നത്. എന്നാല്‍ തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ പുസ്തകത്തില്‍ ഉണ്ടെങ്കില്‍ ശരിയല്ല. ഇവര്‍ക്കൊക്കെ അധികാരമുണ്ട്. ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ മാനിപ്പുലേറ്റ് ചെയ്ത്, ചൂഷണം ചെയ്ത് നശിപ്പിച്ചു’.

താന്‍ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് കോടതി തീരുമാനിക്കട്ടെ. തന്റെ കുടുംബത്തില്‍ വരുമാനം ഉളള ഒരേ ഒരാള്‍ താനാണ്. ഭര്‍ത്താവ് ജയശങ്കര്‍ ജോലിക്ക് പോകാതെ വീട്ടിലിരിക്കുകയായിരുന്നു. തനിക്ക് കോണ്‍സുലേറ്റില്‍ നിന്ന് രാജി വെക്കേണ്ട സാഹചര്യമുണ്ടായി. ശിവശങ്കര്‍ പറഞ്ഞിട്ടാണ് രാജി വെച്ചത്. സ്‌പേസ് പാര്‍ക്ക് പ്രൊജക്ടില്‍ നിര്‍ദേശിച്ചത് ശിവശങ്കര്‍ ആണ്. സര്‍ക്കാരുമായി തനിക്ക് നേരിട്ട് ബന്ധമില്ല ഒരു ഫോണ്‍ കോള്‍ വഴിയാണ് തന്റെ നിയമനം നടന്നത്. ശിവശങ്കറിന് പലസത്യങ്ങളും അറിയാം.

ശിവശങ്കര്‍ എഴെട്ട് മാസം ജയിലില്‍ കിടന്നുവെങ്കില്‍ താന്‍ ഒന്നേ കാല്‍ വര്‍ഷം ജയിലില്‍ കിടന്നതാണ്. താന്‍ പുസ്തകം എഴുതിയാല്‍ ശിവശങ്കറിനെ കുറിച്ചുളള പല രഹസ്യങ്ങളും എഴുതേണ്ടി വരും. അത് ഇതിനേക്കാള്‍ വലിയ ബെസ്റ്റ് സെല്ലര്‍ ആകും. തനിക്ക് ആരെയും ചെളി വാരി തേക്കാന്‍ താല്‍പര്യമില്ല. താനും മറ്റെല്ലാവരും തെറ്റും ശിവശങ്കർ മാത്രം ശരിയുമാണ് എന്ന് പറയാൻ നല്ല തൊലിക്കട്ടി വേണമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. അനധികൃത ഇടപാടുകൾ ശിവശങ്കർ അറിഞ്ഞുകൊണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി. താൻ വെറും ഇര മാത്രമാണെന്നാണ് ഇപ്പോൾ സ്വപ്നയുടെ നിലപാട്.

മറ്റുള്ളവർക്ക് ശിവശങ്കർ സീനിയർ ഐഎഎസ് ഉദ്യോ​ഗസ്ഥനായിരിക്കാം. എന്നാൽ തനിക്ക് അദ്ദേഹം അങ്ങനെയല്ലെന്നും സ്വപ്ന പറയുന്നു. തന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു ശിവശങ്കർ. താൻ അദ്ദേഹത്തെ അന്ധമായി പിന്തുടരുകയായിരുന്നെന്നും സ്വപ്ന വ്യക്തമാക്കുന്നുണ്ട്. സ്പെയ്സ് പാർക്കിൽ ജോലി നേടാൻ ശുപാർശ ചെയ്തത് ശിവശങ്കറാണ്. എൻറെ കഴിവ് കണ്ടാണ് ജോലി തന്നത്. അല്ലാതെ ഡിഗ്രി കണ്ടല്ലെന്നും സ്വപ്ന വ്യക്തമാക്കി.

ഡിപ്ലോമാറ്റിക് സ്വർണക്കടത്ത് കേസിൽ നിർണായകമായ പല വെളിപ്പെടുത്തലുകളും വരും ദിവസങ്ങളിൽ ഉണ്ടാകും എന്ന് തന്നെയാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തു വരുന്ന സൂചനകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button