തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപന തോത് കുറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ‘ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനവും രണ്ടാം ആഴ്ചയിൽ 148 ശതമാനവും മൂന്നാം ആഴ്ചയിൽ 215 ശതമാനവും ആയി കേസുകൾ വർധിച്ചിരുന്നു. എന്നാൽ നാലാം ആഴ്ചയിൽ 71 ശതമാനമായി കുറഞ്ഞിരുന്നുവെന്ന്’ മന്ത്രി പറഞ്ഞു.
Read Also: കേരളം ഇന്ത്യയുടെ ഭാഗമല്ലെന്ന രീതിയിലാണ് കേന്ദ്രനയമെന്ന് കോടിയേരി ബാലകൃഷ്ണന്‍
‘ജനുവരി 28 മുതൽ ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കനുസരിച്ച് 10 ശതമാനമായി കുറഞ്ഞു. ഐസിയു വെന്റിലേറ്റർ ഉപയോഗവും കുറഞ്ഞിട്ടുണ്ട്. നിലവിൽ 3,66,120 കോവിഡ് കേസുകളിൽ, 2.9 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ചികിത്സയിലുണ്ടായിരുന്നതിൽ 0.9 ശതമാനം പേർക്ക് മാത്രമാണ് ഓക്‌സിജൻ കിടക്കകളും 0.4 ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നതെന്നും’ മന്ത്രി വ്യക്തമാക്കി.
‘സംസ്ഥാനത്തെ വാക്‌സിനേഷൻ നല്ല രീതിയിൽ പുരോഗമിക്കുന്നു. 15 മുതൽ 17 വയസു വരെ 73 ശതമാനം പേർ (11,36,374) വാക്‌സിനെടുത്തിട്ടുണ്ട്. രണ്ടാം ഡോസ് വാക്‌സിനേഷൻ തിങ്കളാഴ്ച ആരംഭിച്ചു. 2.3 ശതമാനമാണ് രണ്ടാം ഡോസ് വാക്‌സിനേഷൻ (35,410). 18 വയസിന് മുകളിൽ ആദ്യ ഡോസ് 100 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷൻ 85 ശതമാനവുമാണ്. കരുതൽ ഡോസ് 40 ശതമാനമാണെന്നും’ മന്ത്രി അറിയിച്ചു.
‘ആരോഗ്യ വകുപ്പ് കേരള ക്യാൻസർ രജിസ്ട്രിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതുസംബന്ധിച്ച സോഫ്റ്റ്‌വെയർ ഇ-ഹെൽത്ത് വികസിപ്പിച്ചുവരുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ മൂന്ന് മേഖലകളായി തിരിച്ചാണ് ക്യാൻസർ രജിസ്ട്രി തയ്യാറാക്കുന്നത്. ആർസിസി, സിസിസി, എംസിസി എന്നിവ കേന്ദ്രീകരിച്ചായിരിക്കും രജിസ്ട്രിയുടെ ഏകോപനം. 2030 ഓടെ ക്യാൻസർ രോഗമുക്തി നിരക്ക് വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ക്യാൻസർ ചികിത്സാ ചെലവും ഗണ്യമായി കുറയ്ക്കാനാകും. ആരോഗ്യ പ്രവർത്തകർക്ക് ക്യാൻസർ രജിസ്ട്രി സംബന്ധിച്ച് പരിശീലനം നൽകുമെന്നും’ മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments