News

കാതിൽ 20 ഗ്രാമിന്റെ ആഭരണം, സ്വർണ്ണംകെട്ടിയ രുദ്രാക്ഷമാല, റിവോള്‍വര്‍, റൈഫിള്‍: യോഗിയുടെ സ്വത്തു വിവരങ്ങൾ ഇങ്ങനെ

കാർഷിക ഭൂമിയോ മറ്റിതര ഭൂമിയോ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പേരിൽ ഇല്ല. ഒരു വാഹനവും ഇദ്ദേഹത്തിൻറെ പേരിൽ ഇല്ല.

ലഖ്‌നൗ: വെള്ളിയാഴ്ചയാണ് യോഗി ആദിത്യനാഥ് ഗോരഖ്പൂർ അർബൻ നിയമസഭാ സീറ്റിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്. കളക്‌ട്രേറ്റ് ഓഫീസിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് നടന്ന കൂറ്റൻ റാലിയെ ഇരുവരും അഭിസംബോധന ചെയ്തു. അഞ്ച് തവണ ലോക്‌സഭയിൽ ഗോരഖ്പൂരിനെ പ്രതിനിധീകരിച്ച യോഗി ആദിത്യനാഥ് ഇതാദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ നിന്നും മത്സരിക്കുന്നത്.

യുപി തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമായ ഗോരഖ്പൂർ അർബൻ സീറ്റിൽ മാർച്ച് മൂന്നിന് വോട്ടെടുപ്പ് നടക്കും. നാമനിർദേശ പത്രികയ്ക്കൊപ്പം തൻറെ സ്വത്ത് വിവരങ്ങളും യോ​ഗി സമർപ്പിച്ചിട്ടുണ്ട്. രേഖകൾ പ്രകാരം യോഗിയുടെ 2020-21 സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 13,20,653 രൂപയാണ്. 1.54 കോടിയോളം വരും ആകെ യോഗിയുടെ സ്വത്തുക്കളുടെ മൂല്യം. ഇതിൽ ആറോളം ബാങ്ക് അക്കൗണ്ടിലെ ക്യാഷ് ബാലൻസ് വരും. സാംസങ്ങിൻറെ 12,000 രൂപ വിലയുള്ള ഫോണാണ് യോഗി ഉപയോഗിക്കുന്നത്. കാർഷിക ഭൂമിയോ മറ്റിതര ഭൂമിയോ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പേരിൽ ഇല്ല. ഒരു വാഹനവും ഇദ്ദേഹത്തിൻറെ പേരിൽ ഇല്ല.

അതേ സമയം കട ബാധ്യതകളും സ്വന്തം പേരിൽ ഇല്ലെന്ന് യോഗി സത്യവാങ്മൂലത്തിൽ പറയുന്നു. കണക്കുകൾഒത്തു നോക്കുമ്പോൾ യോഗി ആദിത്യനാഥ് 2019-20 കാണിച്ച വരുമാനത്തെക്കാൾ കുറവാണ് ഇപ്പോഴുള്ള വരുമാനം. 2019-20 സാമ്പത്തിക വർഷം യോഗിയുടെ വരുമാനം 16,68,799 രൂപയായിരുന്നു. 2018-19 സാമ്പത്തിക വർ‍ഷം ഇത് 18,27,639 ആയിരുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ഒരു ലക്ഷം രൂപ പണമായി കയ്യിലുണ്ടെന്നാണ് യോഗി സത്യവാങ്മൂലത്തിൽ പറയുന്നത്. തൻറെ കയ്യിലുള്ള മറ്റു വസ്തുക്കളുടെ വിവരങ്ങളും യോഗി നൽകുന്നുണ്ട്.

സത്യവാങ്മൂലത്തിൽ. ഇത് പ്രകാരം ഇദ്ദേഹത്തിൻറെ കാതിൽ 20 ഗ്രാമിന്റെ ആഭരണം ഉണ്ട്. ഇത് വാങ്ങുന്ന സമയത്ത് 49,000 രൂപയാണ് ആയത്. ഇതിനൊപ്പം ഒരു സ്വർണ്ണംകെട്ടിയ രുദ്രാക്ഷമാലയുണ്ട് ഇതിന് വാങ്ങുന്ന സമയത്ത് 20,000 രൂപയോളം വിലയുണ്ടായിരുന്നു എന്നാണ് യോഗി സാക്ഷ്യപ്പെടുത്തുന്നത്. ഒരു ലക്ഷം ചിലവാക്കി വാങ്ങിയ ഒരു റിവോൾവറും, എൺപതിനായിരം രൂപയ്ക്ക് വാങ്ങിയ റൈഫിളും കയ്യിലുണ്ടെന്നും യോഗി സാക്ഷ്യപ്പെടുത്തുന്നു. എംപി എംഎൽഎ സ്ഥാനങ്ങളിൽ നിന്നുള്ള അലവൻസുകളാണ് തന്റെ വരുമാനമായി യോഗി കാണിച്ചിരിക്കുന്നത്.യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലമനുസരിച്ച് അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസുകളൊന്നും നിലവിലില്ല.

നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം യോഗി ആദിത്യനാഥ് മീററ്റ്, ഗാസിയാബാദ്, അലിഗഡ്, ഹാപൂർ, നോയിഡ എന്നിവിടങ്ങളിലെ വോട്ടർമാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വെർച്വൽ ‘ജൻ ചൗപാൽ’ വഴി സംസാരിച്ചു. ദേശീയത, വികസനം, സദ്ഭരണം തുടങ്ങിയ വിഷയങ്ങളിലാണ് തന്റെ പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ജൻ ചൗപാലിൽ സംസാരിക്കവെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പറഞ്ഞു.ഫെബ്രുവരി ആറിന് ബിജെപി പ്രകടനപത്രിക (സങ്കൽപ് പത്ര) അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button