തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്ന് ഒഴിവാക്കി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്താൻ ഇന്ന് ചേർന്ന അവലോകന യോഗം ആണ് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇതോടെ കൊല്ലം ജില്ല മാത്രമാകും കർശന നിയന്ത്രണങ്ങൾ ബാധകമായ സി കാറ്റഗറിയിൽ ഉൾപ്പെടുക.
മലപ്പുറവും കോഴിക്കോടും കൊവിഡ് വ്യാപനത്തിന്റെ എ കാറ്റഗറയിലാണ്. മറ്റ് ജില്ലകൾ എല്ലാം ബി കാറ്റഗറിയിൽ ഉൾപ്പെടുന്നു. ഒരു കാറ്റഗറിയിലും ഉൾപ്പെടാത്തതിനാൽ കാസർഗോഡ് ജില്ലയിൽ പൊതുവിലുള്ള കൊവിഡ് പ്രോട്ടോക്കോൾ മാത്രമേ നിലനിൽക്കുകയുള്ളൂ. കൊവിഡ് കണക്കുകൾ കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും പൂർണമായും തുറക്കാനുള്ള സാഹചര്യവും അവലോകനയോഗം നിരീക്ഷിച്ചു.
സംസ്ഥാനത്തെ കൊവിഡ് വ്യാപനം പാരമ്യഘട്ടത്തിൽ നിന്നും കുറഞ്ഞു വരികയാണ് എന്നാണ് സംസ്ഥാന സർക്കാരിൻ്റെ വിലയിരുത്തൽ. കേസുകളിൽ കുറവ് വരുന്ന മുറയ്ക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാം എന്നാണ് സർക്കാരിൻ്റെ നിലപാട്. അതിനാൽ അടുത്ത ആഴ്ചയോടെ വിപുലമായ ഇളവുകൾ നിലവിൽ വന്നേക്കും. അതേസമയം സി കാറ്റഗറിയിൽ നിന്നും ഒഴിവാക്കപ്പെടുന്നതോടെ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ഇളവുകൾ ഉണ്ടാകും. സിനിമാ തീയേറ്ററുകളും ജിംനേഷ്യവും ഇതോടെ തുറക്കാൻ കഴിയും. അതേസമയം, സി കാറ്റഗറിയിൽ അവശേഷിക്കുന്ന ഏക ജില്ലയായ കൊല്ലത്ത് കടുത്ത നിയന്ത്രണങ്ങൾ തുടരും.
Post Your Comments