ന്യൂഡൽഹി: സൈബർ ഇടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ സമൂഹമാധ്യങ്ങൾ ഉത്തരവാദിത്തം കാണിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച് കേന്ദ്ര വാർത്താ വിനിമയ മന്ത്രി അശ്വിനി വൈഷ്ണവ്. സൈബർ ഇടങ്ങൾ ഉൾപ്പെടെ എല്ലായിടത്തും സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്രസർക്കാർ പ്രതിബദ്ധരായി പ്രവർത്തിക്കുന്നുണ്ട്.
‘ബുള്ളി ബായ്’ എന്ന വിദ്വേഷ ആപ് ഉണ്ടാക്കി മുസ്ലിം സത്രീകളെ ചിത്രസഹിതം ലേലത്തിന് വെച്ച സംഭവം രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തിൽ ഏതാനും പേർ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ ഉറപ്പാക്കാൻ സമൂഹമാധ്യമങ്ങളിൽ കർശന നിയമങ്ങൾ കൊണ്ടുവരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യസഭയിൽ ബുള്ളി ബായ് ആപ്പിനെക്കുറിച്ച് ബി.ജെ.പി എം.പി സുശീൽ കുമാർ മോദിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സൈബർ ഇടങ്ങളിൽ ശക്തമായ നിയമങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളുടെ മാർഗ നിർദേശങ്ങൾ കർശനമാക്കുന്നതിനെക്കുറിച്ചും കേന്ദ്ര സർക്കാർ ഇതിന് മുമ്പും സംസാരിച്ചതായി മന്ത്രി പറഞ്ഞു. എന്നാൽ, അത്തരം സന്ദർഭങ്ങളിൽ ഈ നിയമങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരായ കടന്നുകയറ്റങ്ങളാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളിൽനിന്ന് വിമർശനം നേരിട്ടതായും മന്ത്രി വിശദീകരിച്ചു.
Post Your Comments