News

ദിലീപിന്റെ വാദങ്ങൾക്ക് മുന്നിൽ കാലിടറി അന്വേഷണ സംഘം: ബാലചന്ദ്രകുമാറിന്റെ ശബ്ദരേഖകൾ എഡിറ്റ് ചെയ്തതെങ്കിൽ പണി പാളും

കേസ് നിലനിൽക്കില്ലെന്നും കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്‍റെ കൈവശമുളളതെന്നും പ്രതിഭാഗം ഇന്നലെ നിലപാടെടുത്തിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും മറ്റ് കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്ന് പ്രോസിക്യൂഷൻ വാദം നടക്കും. ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റീസ് പി ഗോപിനാഥിന്‍റെ ബെഞ്ച് ഹർജികൾ പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസ് നിലനിൽക്കില്ലെന്നും കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്‍റെ കൈവശമുളളതെന്നും പ്രതിഭാഗം ഇന്നലെ നിലപാടെടുത്തിരുന്നു.

ഗൂഢാലോചന നടത്തിയതിൽ കൂടുതൽ തെളിവുകളുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ സ്ഥിതിക്ക് പ്രോസിക്യൂഷൻ കോടതിയിൽ എന്ത് നിലപാടെടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമ‍ർപ്പിച്ച ഹർജിയും ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വരുന്നുണ്ട്. ഗൂഡാലോചനാക്കേസിലെ പ്രതികളുടെ ശബ്ദ പരിശോധന നടത്തണമെന്ന ക്രൈംബ്രാഞ്ച് അപേക്ഷ ആലുവ കോടതിയുടെ പരിഗണനയിലുമാണ്.

ബാലചന്ദ്രകുമാറിന്‍റെ മൊഴി മാത്രം വിശ്വസിച്ച് മുന്നോട്ട് പോകരുത്, എഫ്ഐആർ ഇടാൻ വേണ്ടി പൊലീസ് ബാലചന്ദ്രകുമാറിന്‍റെ പുതിയ സ്റ്റേറ്റ്മെന്റ് എടുക്കുകയായിരുന്നു, ദിലീപ് വാദിച്ചു. ചില 161 സ്റ്റേറ്റ്മെന്റുകൾ വിശ്വാസത്തിൽ എടുക്കരുത് എന്ന് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസിലും ഗൂഢാലോചന കേസിലും ഒരേ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. ഇത് ദുരുദ്ദേശപരമാണ്. പിക് പോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബാലചന്ദ്രകുമാറിന് തന്നോട് വിരോധം വരാന്‍ കാരണമെന്നും ദിലീപ് വാദിച്ചു.

ചില ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുകയാണ്. അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ പരിശോധിക്കണം. ഒരു ടാബിലാണ് ദിലീപിന്റെ ശബ്ദം ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്തത്. ആ ടാബ് എവിടെ. എഡിറ്റ് ചെയ്ത ഭാഗങ്ങളാണ് ബാലചന്ദ്രകുമാര്‍ നല്‍കിയിട്ടുള്ളത്. ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ തന്റെ മേല്‍ കൈവെച്ചിട്ടില്ല. നടിയെ ആക്രമിച്ച കേസില്‍ തെളിവില്ല. ഈ വേളയില്‍ പുതിയ കേസ് ചുമത്തുകയാണെന്നും ദിലീപിന് വേണ്ടി ഹാജരായ ബി രാമന്‍പിള്ള വാദിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ കൊല്ലാൻ ദിലീപ് അനൂപിന് നിർദ്ദേശം നൽകുന്നതിന്റെ റെക്കോർഡ് തന്റെ കൈവശമുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ഇന്നലെ വെളിപ്പെടുത്തി. ആ ശബ്ദസന്ദേശം താൻ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ആ ശബ്ദസംഭാഷണം താൻ പുറത്തുവിടുമെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കി.

ബൈജു പൗലോസിനെ ട്രക്കിടിച്ച് കൊലപ്പെടുത്തണമെന്നാണ് ദിലീപ് കൊടുത്ത നിർദേശം. ദിലീപ് രക്ഷപ്പെടാനാണ് ഈ കള്ളങ്ങളെല്ലാം പറയുന്നത്. കേസ് ജയിക്കുമെന്ന പൂർണ വിശ്വാസം തനിക്കുണ്ട്. താൻ ഗൂഢാലോചന നടത്തിയെങ്കിൽ അതിന്റെ തെളിവ് ദിലീപ് പുറത്തുവിടട്ടേയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.എ വി ജോർജിന്റെ വീഡിയോ കണ്ടിട്ടാണ് ദിലീപ്, ‘നിങ്ങൾ അനുഭവിക്കും’ എന്ന് പറഞ്ഞതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. പക്ഷേ അന്ന് എവി ജോർജ് അന്വേഷണം സംഘത്തിലില്ലെന്നും ദിലീപ് വാദിച്ചു. സോജൻ, സുദർശൻ എന്നിവർക്ക് നല്ല ശിക്ഷ ആയിരിക്കും കിട്ടുന്നത് എന്നും ദിലീപ് പറഞ്ഞതായി മൊഴിയിൽ ഉണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. മുമ്പ് പറഞ്ഞതിലും ഇപ്പോൾ പറയുന്നതിലും വൈരുദ്ധ്യമുണ്ടെന്നാണ് വാദം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button