ന്യൂഡൽഹി: ദക്ഷിണ ഏഷ്യയിലെ ഏറ്റവും വലിയ റാംസർ സൈറ്റുകൾ ഇന്ത്യയിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുന്നതിലും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിലുമുള്ള പൗരന്മാരുടെ പ്രതിബദ്ധതയാണ് ഇതിൽ നിന്നും വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ രണ്ട് തണ്ണീർത്തടങ്ങൾ കൂടി റാംസർ സൈറ്റുകളായി പ്രഖ്യാപിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലെ ഖിജാദിയ വന്യജീവി സങ്കേതവും ഉത്തർപ്രദേശിലെ ബഖീര വന്യജീവി സങ്കേതവുമാണ് പുതുതായി സൈറ്റുകളായി പ്രഖ്യാപിക്കപ്പെട്ടത്. തണ്ണീർത്തടങ്ങളുടെ സംരക്ഷണവും അവയുടെ യുക്തിസഹമായ ഉപയോഗവും ലക്ഷ്യം വച്ച് 1971-ൽ ഫെബ്രുവരി രണ്ടിന് നടന്ന അന്താരാഷ്ട്ര ഉടമ്പടിയാണ് റാംസർ കൺവെൻഷൻ എന്നറിയപ്പെടുന്നത്. ഏകദേശം 476,0000 തണ്ണീർത്തടങ്ങളാണ് ഈ ഉടമ്പടിയിലൂടെ സംരക്ഷിക്കുന്നത്.
തണ്ണീർത്തടങ്ങളുടെ യുക്തിസഹജമായ ഉപയോഗങ്ങളെ പ്രോത്സാഹിപ്പിക്കുക, അന്തർദേശീയ പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തുക, തണ്ണീർത്തട സംരക്ഷണത്തിൽ അന്താരാഷ്ട്ര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതുവരെ റാംസർ കൺവെൻഷന്റെ കീഴിൽ ഇന്ത്യയിൽ 6,77,131 ഹെക്ടർ വിസ്തീർണമുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള 47 തണ്ണീർത്തടങ്ങൾ സൈറ്റുകളായി പട്ടികപ്പെടുത്തിയിട്ടുണ്ട്.
Post Your Comments