ന്യൂഡൽഹി: ചൈനയും പാകിസ്ഥാനും ഒരുമിച്ചതിന്റെ കാരണം ബിജെപി സർക്കാരാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്ന് അമേരിക്ക. യുഎസ് ഡിപ്പാർട്മെന്റ് ഓഫ് സ്റ്റേറ്റ് ഔദ്യോഗികവക്താവ് നെഡ് പ്രൈസ് ആണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തു വന്നിരിക്കുന്നത്. ഇന്ത്യൻ പാർലമെന്റിലെ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കേണ്ടത് ആ രാജ്യങ്ങളാണെന്നും രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് യോജിക്കാനാവില്ലെന്നും നെഡ് പ്രൈസ് വ്യക്തമാക്കി. പാർലമെന്റിൽ സംസാരിക്കവേയാണ് ചൈനയും പാകിസ്ഥാനും ഒരുമിച്ച് പ്രവർത്തിക്കാൻ ഇടവരുത്തിയതാണ് കേന്ദ്രസർക്കാർ ചെയ്ത ഏറ്റവും വലിയ കുറ്റമെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്.
‘ചൈനയ്ക്ക് അവർ ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ചൈനയും പാകിസ്ഥാനും ഒരുമിക്കാതിരിക്കുക എന്നതായിരിക്കണം ഇന്ത്യയുടെ തന്ത്രപരമായ ലക്ഷ്യം. എന്നാൽ നിങ്ങൾ ചെയ്തത് അവരെ ഒന്നിപ്പിച്ചു എന്നതാണ്”, രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വിദേശനയം മൂലം രാജ്യം ഇന്ന് ഒറ്റപ്പെട്ടുവെന്നും, അതു കൊണ്ടാണ് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്നും അതിഥികൾ എത്താതിരുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
എന്നാൽ, ഈ പ്രസ്താവന രാഹുൽ ഗാന്ധിയെ വെട്ടിലാക്കിയിരിക്കുകയാണിപ്പോൾ. രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് നേരത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും രംഗത്തു വന്നിരുന്നു. എഴുപതുകൾ മുതൽ ഉള്ള കാരക്കോറം ഹൈവേ നിർമ്മാണം, 2013-ൽ ആരംഭിച്ച ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി എന്നിവയെല്ലാം ഉദാഹരണമായി ജയശങ്കർ ചൂണ്ടിക്കാണിച്ചു.
Post Your Comments