അബുദാബി: രാജ്യത്ത് യെമനിലെ ഹൂതി വിമതരുടെ ആക്രമണം തുടരെ നടക്കവെ യുഎഇ സേനയെ സഹായിക്കാൻ അമേരിക്കയുടെ പടക്കോപ്പുകൾ. അമേരിക്കൻ ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അബുദാബി കിരിടാവാകാശി മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനും തമ്മിലുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് പ്രഖ്യാപനം. ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുദ്ധക്കപ്പലും അത്യാധുനിക ഫൈറ്റർ ജെറ്റുകളുമാണ് യുഎഇയെ സഹായിക്കാൻ യുഎസ് വിന്യസിക്കുക. ഒപ്പം ഇന്റലിജൻസ് മുന്നറിയിപ്പ് നൽകുന്നത് തുടരുമെന്നും യുഎസ് വ്യക്തമാക്കി.
യുഎഇയിൽ നിലവിൽ തുടരെ ഹൂതി ആക്രമണം നടന്നു വരികയാണ്. ബുധനാഴ്ച രാവിലെയും ഹൂതി ആക്രമണ ശ്രമം ഉണ്ടായി. യുഎഇ വ്യോമാതിർത്തിയിൽ നുഴഞ്ഞു കയറിയ മൂന്ന് ഡ്രോണുകൾ നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച ഇസ്രായേൽ പ്രസിഡന്റിന്റെ യുഎഇ സന്ദർശന സമയത്തും രാജ്യത്തേക്ക് മിസൈൽ ആക്രമണം ഉണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുക്കുകയും ചെയ്തു.
Post Your Comments