റിയാദ്: സൗദിയിലെ ജിസാനില്‍ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തിൽ 16 പേര്‍ക്ക് പരിക്ക്, ഇതില്‍ 3 പേരുടെ നില ഗുരുതരമാണ്. യെമനില്‍ നിന്ന് സൗദി നഗരത്തിലെ ജിസാന്‍ കിങ് അബ്ദുള്ള വിമാനത്താവളം ലക്ഷ്യമാക്കിയാണ് ഡ്രോണുകള്‍ എത്തിയത്. യെമനിലെ സനാ വിമാനത്താവളത്തില്‍ നിന്നാണ് ഡ്രോണുകള്‍ വിക്ഷേപിച്ചതെന്നാണ് സഖ്യസേനയുടെ കണ്ടെത്തല്‍. എന്നാൽ ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഡ്രോണിലെ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് സൗദി സഖ്യസേന അറിയിച്ചു.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കാവശ്യമായ നടപടി സ്വീകരിക്കുമെന്നും ആക്രമണത്തിനുള്ള മറുപടിയെന്നോണം ശക്തമായ സൈനിക നീക്കത്തിന് രാജ്യം തയാറെടുക്കുകയാണെന്നും സൗദി പ്രതിരോധ വകുപ്പ് അറിയിച്ചു. അതേസമയം തിങ്കളാഴ്ച നടന്ന സ്ഫോടനത്തില്‍ പരിക്കേറ്റ 3 പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് സൗദി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടനത്തിന് ശേഷമുള്ള വിമാത്താവളത്തിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് മാറിയതായി സൗദി ഭരണകൂടത്തിന്‍റെ നേതൃത്വത്തിലുള്ള എക്ബാരിയ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments