ന്യൂഡൽഹി: ബീജിംഗിൽ നടക്കുന്ന ശൈത്യകാല ഒളിംപിക്സിൻറെ ഉദ്ഘാടനത്തിൽ നിന്നും സമാപനത്തിൽ നിന്നും ഇന്ത്യൻ നയതന്ത്രപ്രതിനിധി വിട്ടു നില്ക്കും. ഗൽവാനിലെ ചൈനീസ് നീക്കത്തിന് നേതൃത്വം നല്കിയ ക്വി ഫാബോയെ ദീപശിഖവാഹകനായി നിശ്ചയിച്ചതിലാണ് പ്രതിഷേധം. ചൈന ഒളിംപിക്സിനെ രാഷ്ട്രീയവൽക്കരിച്ചു എന്ന് ഇന്ത്യ ആരോപിച്ചു. 2020 ജൂണിലാണ് 20 ഇന്ത്യൻ സൈനികർ ഗൽവാനിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടത്.
അന്ന് കടന്നുകയറ്റത്തിനുള്ള ചൈനീസ് നീക്കത്തിന് നേതൃത്വം നല്കിയത് പിഎൽഎ റജിമെൻറൽ കമാൻഡറായിരുന്ന ക്വി ഫാബോയാണ്. ഇന്ത്യൻ സേനയുടെ ചെറുത്തുനില്പിൽ പരിക്കേറ്റ ക്വി ഫാബോയ്ക്ക് ചൈന സൈനിക ബഹുമതി നല്കിയിരുന്നു. നാളെ ബീജിംഗിൽ തുടങ്ങുന്ന ശീതകാല ഒളിംപിക്സിൻറെ 1200 ദീപശിഖവാഹകരിൽ ഒരാളായാണ് ക്വി ഫാബോയെ ഉൾപ്പെടുത്തിയത്. ചൈന ഒളിംപിക്സിനെ രാഷ്ട്രീവത്ക്കരിച്ചത് ഖേദകരമെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
ബീജിംഗ് എംബസിയിലെ ചാർജ് ഡി അഫയേഴ്സ് 2022ലെ ഉദ്ഘാടന, സമാപന ചടങ്ങുകളിൽ പങ്കെടുക്കില്ല വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേ സമയം ഇന്ത്യ ഒളിംപിക്സിൽ നിന്ന് വിട്ടുനില്ക്കില്ല. ജമ്മുകശ്മീരിൽ നിന്നുള്ള സ്കീയിംഗ് താരം ആരിഫ് ഖാൻ ഗെയിംസിലെ രണ്ടിനങ്ങളിൽ പങ്കെടുക്കും. ഉദ്ഘാടനവും സമാപനവും ബഹിഷ്ക്കരിച്ചു കൊണ്ട് നയതന്ത്രതലത്തിൽ ഇന്ത്യ ചൈനക്കെതിരായ നിലപാട് ശക്തമാക്കുകയാണ്.
ചൈനയും പാകിസ്ഥാനും ഒന്നിച്ചു വരാനുള്ള സാഹചര്യം ഒരുക്കിയത് അബദ്ധമെന്ന് രാഹുൽ ഗാന്ധി ഇന്നലെ ലോക്സഭയിൽ പറഞ്ഞിരുന്നു. ഇതിന് തൊട്ടു പിന്നാലെ കേന്ദ്രം കർക്കശ നിലപാടെടുക്കുന്നത് രാഹുലിനുള്ള രാഷ്ട്രീയ സന്ദേശം കൂടിയാണെന്ന് ചർച്ചകൾ ഉയർന്നുകഴിഞ്ഞു.
Post Your Comments